എഡിഎം നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന് ആരോപണത്തിൽ പെട്രോൾ ഉടമ ടിവി പ്രശാന്തനെതിരെ ആരോഗ്യവകുപ്പിന്റെയും അന്വേഷണം. മെഡിക്കൽ കോളേജ് ജീവനക്കാരനായിരിക്കെ പമ്പ് തുടങ്ങിയതിലാണ് അന്വേഷണം. പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനോട് ഡിഎംഇ വിശദീകരണം തേടി. സർവീസ് ചട്ടങ്ങൾ ലംഘിച്ചോയെന്ന് അന്വേഷിക്കും.
കൈക്കൂലി നൽകിയെന്നു വെളിപ്പെടുത്തിയത് സംബന്ധിച്ചു പ്രശാന്തനോട് പരിയാരം ഗവ.മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വിശദീകരണം തേടിയിരുന്നു. കൈക്കൂലി നൽകുന്നതു കുറ്റകരമാണെന്നിരിക്കെ സർക്കാർ ജീവനക്കാരൻ അതു ചെയ്തുവെന്നു സമ്മതിച്ചതിനാൽ നടപടി നേരിടേണ്ടി വരും. കൈക്കുലി നൽകിയില്ലെന്നു വിശദീകരിച്ചാൽ എഡിഎമ്മിൻ്റെ മരണത്തിനുപിന്നാലെ സത്യവിരുദ്ധ പ്രചാരണം നടത്തിയെന്ന ആരോപണം ഉയരും.
അതേസമയം ടിവി പ്രശാന്തന്റെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് ആരോപണങ്ങൾ ഉയരുന്നുണ്ട്. പരിയാരം ഗവ. മെഡിക്കൽ കോളജിലെ ഇലക്ട്രിഷ്യനായ പ്രശാന്തന് ഒരു കോടിയിലേറെ മുതൽ മുടക്ക് ആവശ്യമുള്ള പെട്രോൾ ബങ്ക് തുടങ്ങാനുള്ള സാമ്പത്തിക സ്രോതസ് എവിടെ നിന്നാണെന്നാണ് ചോദ്യം. വായ്പയ്ക്ക് അപേക്ഷിച്ചതിന്റെയോ മറ്റു വരുമാന സ്രോതസുകളുടെയോ വിവരങ്ങൾ ഇദ്ദേഹം പുറത്തുവിട്ടിട്ടില്ല.
Read more
പ്രശാന്തനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നതിനു ശുപാർശ ചെയ്യണമെന്നു പരിയാരം മെഡിക്കൽ കോളേജ് എൻജിഒ അസോസിയേഷൻ ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനും പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനും കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.