ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്കായി തിരുവനന്തപുരത്തു നിന്നും ഹൃദയവുമായി ഹെലികോപ്റ്റര്‍ കൊച്ചിയിലെത്തി. ഉച്ചയ്ക്ക് 2.42നാണ് ഹെലികോപ്റ്റർ ഇടപ്പള്ളിയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിലെ ഹെലിപ്പാഡില്‍ ഇറങ്ങിയത്. അവിടെ നിന്ന് റോഡ് മാര്‍ഗം എറണാകുളത്തെ ലിസി ആശുപത്രിയിലെത്തിച്ചു. തൃപ്പൂണിത്തുറ സ്വദേശിക്ക് വേണ്ടിയാണ് ഹൃദയമെത്തിച്ചത്.
കൊട്ടാരക്കര എഴുകോണ്‍ സ്വദേശി അനുജിത്തിന്റെ ഹൃദയമാണ് ദാനം ചെയ്തത്. ചെറുകുടൽ കൈ തുടങ്ങിയ ഇദ്ദേഹത്തിന്റെ മറ്റ് അവയവങ്ങളും ദാനം ചെയ്തിട്ടുണ്ട്. അമൃത ആശുപത്രിയിൽ ഉള്ള മറ്റൊരു രോഗിക്കു വേണ്ടിയാണ് ഇത് കൊണ്ടുപോയിരിക്കുന്നത്. കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിക്ക് നല്‍കും. എയർ ആംബുലൻസിൽ സർക്കാരിന്റെ നേതൃത്വത്തിൽ ഹൃദയം കൊച്ചിയിൽ എത്തിക്കുന്നത് ഇത് രണ്ടാം തവണയാണ്.
Read more
ഇടപ്പള്ളിയില്‍ നിന്ന് ആംബുലന്‍സ് വഴി മൂന്ന് മിനിറ്റിനുള്ളിലാണ് ഹൃദയം ലിസി ഹോസ്പിറ്റലില്‍ എത്തിച്ചത്. ഗതാഗതതടസം ഒഴിവാക്കാന്‍ റോഡ് ബ്ലോക്ക് ചെയ്ത് പൊലീസ് ആവശ്യമായ സുരക്ഷയൊരുക്കിയിരിക്കുന്നു. കൊല്ലത്തു വെച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അനുജിത്തിനാണ് മസ്തിഷ്ക മരണം സംഭവിച്ചത്. ആദ്യം മെഡിക്കല്‍ കോളജിലും പിന്നീട് കിംസ് ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും മസ്തിഷ്ക മരണം സംഭവിച്ചു. തുടർന്ന് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു.