കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ലോറി പുറത്തെടുക്കാൻ ദുഷ്കരം. ശക്തമായ കാറ്റും മഴയും നിലനിൽക്കുന്നതിനാൽ രക്ഷാ പ്രവർത്തനം ദുഷ്കരമാണ്. മുങ്ങൽ വിദഗ്ധർക്ക് പുഴയിൽ ഇറങ്ങാനായില്ല. അതേസമയയം നദിയിൽ അടിയൊഴുക്ക് വർധിച്ചിട്ടുണ്ട്. രക്ഷാദൌത്യത്തിന്റെ ഒമ്പതാം ദിവസമാണ് ട്രക്ക് കണ്ടെത്തിയത്.
ട്രക്ക് കണ്ടെത്തിയ സാഹചര്യത്തിൽ നാവിക സേനയുടെ സംഘം സ്ഥലത്തേക്ക് തിരിച്ചെങ്കിലും കനത്ത മഴയെ തുടർന്ന് പിൻവാങ്ങുകയായിരുന്നു. അതിശക്തമായ മഴയെ അവഗണിച്ച് സംഘം നദിയിലേക്ക് പോയെങ്കിലും തിരച്ചിൽ നടത്താൻ കഴിയാതെ വന്നതോടെ മടങ്ങി. 3 ബോട്ടുകളിലായി 18 പേരാണ് നാവിക സേനയുടെ സ്പെഷ്യൽ സംഘത്തിലുളളത്. കരയിൽ നിന്നും 20 മീറ്റർ അകലെ 15 മീറ്റർ താഴ്ചയിലാണ് ട്രക്ക് കണ്ടെത്തിയിട്ടുള്ളത്. ഈ ഭാഗത്തുളള മണ്ണ് മാറ്റൽ മറ്റൊരു സംഘം തുടരുകയാണ്.
അതേസമയം ലോറി വെള്ളത്തിന് അടിയിൽ ഉറപ്പിച്ചുനിർത്തുകയാണ് നേവിയുടെ ആദ്യശ്രമം. ലോക്ക് ചെയ്‌തതിനുശേഷം ഉയർത്താനുള്ള നടപടികൾ തുടങ്ങും. ലോറി കണ്ടെത്തിയ സ്‌ഥലം കൃത്യമായി പോയിന്റ്റ് ചെയ്തെന്ന് ജില്ലാഭരണകൂടം അറിയിച്ചു.
അര്‍ജുന്റെ ലോറിയുടെ ഭാഗങ്ങള്‍ നദിക്കുള്ളില്‍ കണ്ടെത്തിയതായി കർണാടക പൊലീസ് സ്ഥിരീകരിച്ചിരുന്നു. നേരത്തെ പുഴയുടെ അടിഭാഗത്ത് ലോറി കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബായരെ ഗൗഡയാണ് ആദ്യം സ്ഥിരീകരിച്ചത്. പിന്നാലെ ഇത് അർജുന്റെ ലോറി തന്നെയാണെന്ന് ജില്ലാ പൊലീസ് മേധാവിയും സ്ഥിരീകരിച്ചു. ബൂം എസ്കലേറ്റർ ഉപയോഗിച്ച് അർജുന്‍റെ ലോറി കരയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് വിവരം.