സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു: നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മത്സ്യബന്ധനത്തിന് നിരോധന്ദം

അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് “മഹ” ചുഴലിക്കാറ്റായി രൂപം പ്രാപിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് മഴ ശക്തി പ്രാപിച്ചു വരികയാണ്. മിക്ക ജില്ലകളിലും ബുധനാഴ്ച രാത്രി മുതല്‍ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. ഇതിനെ തുടര്‍ന്ന് എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റ് പത്ത് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.എം.ജി.യൂണിവേഴ്സിറ്റിയുടെ എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.

“മഹ” ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്തിലൂടെ ചുഴലിക്കാറ്റ് കടന്നു പോകുന്നതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുകയും മത്സ്യത്തൊഴിലാളികളെ പൂര്‍ണമായും തിരിച്ചു വിളിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയുള്ള സമയങ്ങളിലും കടല്‍ അതിപ്രക്ഷുബ്ധാവസ്ഥയില്‍ തുടരുന്നതാണ്. കടല്‍ തീരത്ത് പോകുന്നതും ഒഴിവാക്കേണ്ടതാണ്

കേരളത്തില്‍ കൂടാതെ ലക്ഷദ്വീപിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

ഉറപ്പില്ലാത്ത വീടുകളില്‍ കഴിയുന്നവര്‍ ക്യാമ്പുകളിലേക്ക് മാറി താമസിക്കണണെന്ന നിര്‍ദേശമുണ്ട്. മലയോര മേഖലയിലേക്കുമുള്ള യാത്ര ഒഴിവാക്കണം. ശക്തമായ കാറ്റുള്ളതിനാല്‍ മരങ്ങള്‍ക്ക് താഴെ നില്‍ക്കുകയോ വാഹനങ്ങള്‍ നിര്‍ത്തിയിടുകയോ ചെയ്യരുത്. പെട്ടെന്നുള്ള മലവെള്ളപ്പാച്ചിലിനും ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാദ്ധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.