കേരളത്തില്‍ അടുത്ത നാലു ദിവസം തീവ്രമഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ കനക്കുക. ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ബുധനാഴ്ചയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ വ്യാഴാഴ്ചയുമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 24 മണിക്കൂറില്‍ 11 സെന്റിമീറ്റര്‍ മുതല്‍ 20 സെന്റിമീറ്റര്‍ വരെയുള്ള അതിശക്തമായ മഴയ്ക്കാണു സാധ്യത.

Read more

ആന്ധ്ര തീരത്തിന് മുകളില്‍ സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദ്ദപാത്തിയുടെ സ്വാധീന ഫലമായാണ് മഴ തുടരുന്നത്. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനുമുള്ള സാധ്യതയുള്ളതിനാല്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. ഈ പശ്ചാത്തലത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.