സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; വിവിധ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി, നദികൾ നിറഞ്ഞൊഴുകുന്നു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിച്ചു. 26ന് കണ്ണൂര്‍, കാസർകോട് ജില്ലകളിലും 27ന് വയനാട്, കണ്ണൂര്‍ ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട്. 26ന് എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടാണുള്ളത്.

മഴയെ തുടർന്ന് കല്ലാർകുട്ടി ഡാമിന്റെ 2 ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. പാംബ്ല ഡാമിൻ്റെ ഷട്ടറുകളും തുറന്നു. രണ്ട് ഷട്ടറുകൾ ഉയർത്തി നിയന്ത്രിതമായ അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. പെരിയാർ തീരത്ത് പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്.

മൂന്നാറിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 12 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ അഞ്ചുദിവസമായി ഒറ്റപ്പെട്ട കനത്ത മഴയാണുള്ളത്. പമ്പ, മണിമല, അച്ചൻകോവിൽ ആറുകൾ നിറഞ്ഞൊഴുകയാണ്. അതേസമയം, മഴയ്ക്ക് നിലവിൽ നേരിയ ശമനമുണ്ട്.

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. ബുധനാഴ്ച തുടരുന്ന കനത്ത മഴയിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.