വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കേസ് എടുക്കാന്‍ ഹണി റോസ് നടത്തിയത് പഴുതടച്ച നീക്കം. തനിക്കെതിരെ അപവാദ പ്രചരണം നടത്തിയ 30 പേര്‍ക്കെതിരെ ഹണി റോസ് പരാതി നല്‍കിയപ്പോള്‍ ഉടന്‍ തന്നെ കൊച്ചി സിറ്റി പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍, ബോബി ചെമ്മണ്ണൂരിനെതിരെ നടി പരാതി ഉയര്‍ത്തില്ലെന്നാണ് പൊലീസ് കരുതിയിരുന്നത്. തന്റെ പോസ്റ്റിന് താഴെ കമന്റ്ഇട്ട എറണാകുളം കുമ്പളം സ്വദേശി അറസ്റ്റിലായതിന് പിന്നാലെയാണ് ബോബിക്കെതിരെ ഹണി പരാതി നല്‍കിയത്. ഇതു പൊലീസിനെ വെട്ടിലാക്കുകയായിരുന്നു. അറസ്റ്റ് ചെയ്യാതെ ഗത്യന്തരമില്ലാത്ത അവസ്ഥയില്‍ എത്തുകയായിരുന്നു.
പൊലീസിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് ഹണി കൃത്യമായ നിയമ ഉപദേശത്തോട് കൂടി മറ്റുചിലര്‍ക്കെതിരെ ആദ്യം പരാതി നല്‍കിയത്. നേരിട്ട് പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത് കേസിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കാനാണ്. ബോബിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹണി എഡിജിപി മനോജ് എബ്രാഹം, കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ എന്നിവരെ നേരിട്ട് കണ്ടിരുന്നു.
ലൈംഗികച്ചുവയോടെയുള്ള അശ്ലീലഭാഷണത്തിനു ഭാരതീയ ന്യായസംഹിത (ബി.എന്‍.എസ്) വകുപ്പ് 75(4) പ്രകാരവും ഐ.ടി. നിയമം വകുപ്പ് 67 പ്രകാരവുമാണു കേസ്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണു നടി പരാതി നല്‍കിയത്.
ബോബി ചെമ്മണൂരിനെ അഭിസംബോധന ചെയ്തുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ നടിതന്നെയാണു പരാതിക്കാര്യം വെളിപ്പെടുത്തിയത്. ”താങ്കള്‍ എനിക്കെതിരേ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെതന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികള്‍ക്കെതിരേ പരാതികള്‍ പുറകേയുണ്ടാവും. താങ്കള്‍ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കൂ, ഞാന്‍ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു” എന്നാണ് ഹണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഇന്‍സ്റ്റഗ്രാമിലടക്കം തനിക്കെതിരേ വന്ന അധിക്ഷേപ കമന്റുകളുടെ സ്‌ക്രീന്‍ഷോട്ടും നടി പോലീസിനു കൈമാറിയിരുന്നു.
അശ്ലീല കമന്റിട്ട 20 പേരെ തിരിച്ചറിഞ്ഞെന്നും നടപടി തുടരുമെന്നും സിറ്റി പോലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. ജൂവലറി ഉദ്ഘാടനത്തിനിടെ ഉടമ നടത്തിയ ദ്വയാര്‍ഥപ്രയോഗങ്ങള്‍ക്കും കമന്റുകള്‍ക്കുമെതിരേ നടി പരാതി നല്‍കിയിട്ടില്ലെന്നു കമ്മിഷണര്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് നടി ഫെയ്സ്ബുക്കില്‍ പ്രതികരിച്ചിരുന്നു. അതിനെതിരേയാണ് സൈബര്‍ അധിക്ഷേപം പരിധിവിട്ടത്. വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ വാര്‍ത്തകള്‍ക്കു താഴെ കമന്റിട്ടവരുടെ വിശദാംശങ്ങളും ഹണി റോസ് പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്. കമന്റിട്ടവരില്‍ വ്യാജ ഐ.ഡിയുള്ളവരെ കണ്ടെത്താന്‍ പോലീസ് ഫെയ്സ്ബുക്കിനോടു വിവരങ്ങള്‍ തേടിയിട്ടുണ്ട്.
Read more
പൊതുവേദികളില്‍ മനഃപൂര്‍വം പിന്തുടര്‍ന്ന് ദ്വയാര്‍ഥപ്രയോഗങ്ങളിലൂടെ ഒരാള്‍ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നു ഹണി റോസ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. എന്നാല്‍, പേര് വെളിപ്പെടുത്തിയിരുന്നില്ല. അത് ബോബി ചെമ്മണൂരാണെന്ന തരത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ അഭ്യൂഹം പരന്നിരുന്നു. തന്റെ പോസ്റ്റിനു താഴെ അശ്ലീല കമന്റിട്ട 30 പേര്‍ക്കെതിരേ ഹണി പോലീസില്‍ പരാതിപ്പെട്ടു. നിലവിലുള്ള 30 കേസിനു പുറമേ അശ്ലീല കമന്റ് ഇടുന്നവര്‍ക്കെതിരേ ജാമ്യമില്ലാവകുപ്പുപ്രകാരം ഉടന്‍ കേസെടുക്കാനാണു പോലീസ് തീരുമാനം.