വീടും സ്ഥലവും ലേലം ചെയ്യും; തളര്‍ന്നു കിടക്കുന്ന മത്സ്യത്തൊഴിലാളിക്ക് ജപ്തി നോട്ടീസ് അയച്ച് ബാങ്ക്

തിരുവനന്തപുരത്ത് പക്ഷാഘാതത്താല്‍ തളര്‍ന്നു കിടപ്പിലായ മത്സ്യത്തൊഴിലാളിക്ക് ജപ്തി നോട്ടീസയച്ച് ബാങ്ക്. കഠിനംകുളം ശാന്തിപുരത്ത് തോമസ് പനിയടിമയ്ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. അടുത്ത മാസം പതിനൊന്നിന് വീടും മൂന്നര സെന്റ് സ്ഥലവും ലേലം ചെയ്യുമെന്നറിയിച്ച് കാര്‍ഷിക ഗ്രാമവികസന ബാങ്കാണ് നോട്ടീസ് അയച്ചത്.

ബാങ്കുമായി ബന്ധപ്പെട്ടിട്ടും ഒരു ഫലവും ഇല്ലാത്തതിനെ തുടര്‍ന്ന് ദുരിതത്തിലായിരിക്കുകയാണ് തോമസും കുടുംബവും. വീട് വെക്കാന്‍ വേണ്ടിഇയാള്‍ പണം കടം വാങ്ങിയിരുന്നു. അത് വീട്ടുന്നതിന് വേണ്ടി കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ കഴക്കൂട്ടം ശാഖയില്‍ മൂന്നര സെന്റ് പണയം വച്ച് രണ്ടരലക്ഷം രൂപ വായ്പയെടുത്തു. ഈ വായ്പ മുഴുവനായും തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് കുടുംബം ജപ്തി പ്രതിസന്ധിയുടെ വക്കില്‍ എത്തിയിരിക്കുന്നത്.

ഒന്നര ലക്ഷത്തിലേറെ തുക തോമസ് തിരിച്ചടച്ചിരുന്നു. കോവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ ആയതോടെയാണ് തിരിച്ചടവ് മുടങ്ങിയത്. ജൂലൈയില്‍ പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലാകുകയും ചെയ്്തു. രണ്ടുപെണ്‍മക്കളും ഒരാണ്‍കുട്ടിയുമായാണ് ഇവര്‍ക്കുള്ളത്. തോമസിന്റെ ഭാര്യ ആരോഗ്യ മേരി മീന്‍ കച്ചവടം നടത്തിയാണ് ഭര്‍ത്താവിനെ ചികിത്സിക്കാനും മക്കളെ പഠിപ്പിക്കാനും പണം കണ്ടെത്തുന്നത്. ഇതിനിടെയിലാണ് ബാങ്കിന്റെ ജപ്തി നോട്ടീസ് ലഭിച്ചിരിക്കുന്നത്.