എയിംസ് വരുമെന്ന് പറഞ്ഞാൽ വന്നിരിക്കും, ഇത്തരം പദ്ധതികൾ ബജറ്റിൽ പറയാറില്ല: കെ സുരേന്ദ്രൻ

ബജറ്റിൽ കേരളത്തിന് എതിരെയുള്ള അവഗണയിൽ വമ്പൻ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലും ബജറ്റിനെ പുകഴ്ത്തി ബിജെപി നേതാക്കൾ. മൂന്നാം മോദി സർക്കാരിൻറെ ആദ്യ ബഡ്ജറ്റ് വികസിത ഭാരതത്തിലേക്കുള്ള ചുവടുവെപ്പാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. എയിംസ് പോലെ ഉള്ള പദ്ധതികൾ കഴിഞ്ഞ 10 വർഷമായി ഒരു കേന്ദ്ര ബജറ്റിലും പ്രഖ്യാപിക്കാറില്ലെന്നും അതൊക്കെ പിന്നീടാണ് പ്രഖ്യാപിക്കുന്നതെന്നും പറഞ്ഞ സുരേന്ദ്രൻ കേരളത്തിൽ എയിംസ് വരുമെന്നും പറഞ്ഞിരിക്കുകയാണ്.

കേരളത്തിന് നിരാശ സമ്മാനിക്കുന്ന ബജറ്റ് അല്ലെന്നും കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ കേരളത്തിന് കിട്ടിയിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. വികസനത്തിന് സഹായിക്കുന്ന നിരവധി നിർദ്ദേശങ്ങളാണ് ബഡ്ജറ്റിൽ ഉള്ളത്. നഗരങ്ങളിൽ ഒരു കോടി പുതിയ വീടുകൾ നിർമ്മിക്കുന്നത് നിർമ്മാണ മേഖലയ്ക്കും കരുത്തുപകരും. ഉൽപാദനം വർദ്ധിപ്പിക്കുന്നതിന് ആവശ്യമുള്ള ക്രിയാത്മകമായ നിർദ്ദേശങ്ങൾ ബഡ്ജറ്റിൽ ഉണ്ട്.

ബജറ്റിൽ ഒരു വിഭഗത്തെയും മറന്നിട്ടില്ല എന്ന് പറഞ്ഞ സുരേദ്രൻ മധ്യവർഗത്തിന് കൂടുതൽ പ്രോത്സാഹനം നൽകുന്ന തരത്തിലുള്ള നികുതി പരിഷ്കരണങ്ങൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാരിന് ഇത്തവണത്തെ ബജറ്റിലൂടെ സാധിച്ചു എന്നുള്ള അഭിപ്രായമാണ് പറഞ്ഞത്. അതേസമയം 2024 ലെ ബജറ്റ് യുവാക്കൾക്ക് പരിധിയില്ലാത്ത അവസരങ്ങൾ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് പ്രഖ്യാപനത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇടത്തരക്കാരെയും ദരിദ്രരെയും ഗ്രാമങ്ങളെയും കർഷകരെയും ശാക്തീകരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ 10 വർഷത്തിനിടെ 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഈ ബജറ്റ് പുതിയ മധ്യവർഗത്തിൻ്റെ ശാക്തീകരണത്തിന് വേണ്ടിയുള്ളതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.