വയറുവേദനയുമായി മെഡിക്കല്‍ കോളജില്‍; നീക്കം ചെയ്തത് പത്ത് കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ 43കാരിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ തൂക്കം വരുന്ന മുഴ. മലപ്പുറം മൂന്നിയൂര്‍ സ്വദേശിനിയ്ക്കാണ് ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ ഗര്‍ഭാശയ മുഴ നീക്കം ചെയ്തത്.

മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് 36 സെന്റിമീറ്റര്‍ നീളവും 33സെന്റിമീറ്റര്‍ വീതിയുമുള്ള മുഴ നീക്കം ചെയ്തത്. ഒരാഴ്ച മുന്‍പായിരുന്നു കഠിനമായ വയറുവേദനയുമായി യുവതി ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയത്. വയര്‍ വീര്‍ത്തിരുന്നത് ഒഴികെ മറ്റ് രോഗലക്ഷണങ്ങളൊന്നും പ്രത്യക്ഷത്തില്‍ ഉണ്ടായിരുന്നില്ല.

Read more

അള്‍ട്രാ സൗണ്ട് സ്‌കാനിംഗ്, എംആര്‍ഐ തുടങ്ങിയ പരിശോധനകള്‍ക്കൊടുവിലാണ് ഗര്‍ഭാശയ മുഴ കണ്ടെത്താനായത്. ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുന്ന യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനെയും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് അഭിനന്ദിച്ചു.