നാനൂറിലധികം വീടുകളിലായി മനുഷ്യർ തിങ്ങിപാർത്തിരുന്ന ഒരു ഗ്രാമം. ഇപ്പോൾ അവശേഷിക്കുന്നത് മരങ്ങളും ചെളിയും നിറഞ്ഞ 30 വീടുകൾ മാത്രം. പഞ്ചായത്തിന്റെ രജിസ്റ്റർ പ്രകാരം 400 ലധികം വീടുകൾ മുണ്ടക്കൈയ്യിൽ ഉണ്ടായിരുന്നെന്നും ഇപ്പോഴുള്ളത് വെറും 30 വീടുകൾ മാത്രമാണെന്നും പഞ്ചായത്ത് അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. ഒരു ഗ്രാമം മുഴുവനായിട്ടാണ് കുത്തിയൊലിച്ചുവന്ന ദുരന്തത്തിൽ ഒഴുകിപ്പോയത്.
ദുരന്തമുണ്ടായി ഒരു ദിവസത്തിന് ശേഷം മാത്രം മുണ്ടക്കൈയ്യിലേക്ക് രക്ഷാപ്രവർത്തകർ എത്തിയപ്പോൾ അവിടെ കണ്ടത് ചെളിയും പാറക്കല്ലുകളും കടപുഴകിയ മരങ്ങളും അങ്ങിങ്ങായി ഉടമകളെ തേടിയലയുന്ന കുറച്ച് വളർത്തു മൃഗങ്ങളെയും മാത്രമാണ്. അതെ മുണ്ടക്കൈയ്യിൽ ഇനി ഒന്നും ബാക്കിയില്ല, പൂർണ്ണമായും തകർന്നടിഞ്ഞ വീടുകൾ, വാഹനങ്ങൾ, ഉരുൾപൊട്ടലിൽ രൂപപ്പെട്ട മൺകൂനകൾ, അതിനുമപ്പുറം മണ്ണിനടിയിൽ പുതഞ്ഞുകിടക്കുന്ന മൃതശരീരങ്ങളും.
ഇന്നലെ കണ്ടതിനേക്കാൾ ഭീകരമായ കാഴ്ചകളാണ് ഇന്ന് മുണ്ടക്കൈയ്യിൽ നിന്നും കേരളം കാണുന്നത്. വലിയ പാറക്കല്ലുകൾക്കും മൺകൂനകൾക്കും അടിയിൽ തകർന്നടിഞ്ഞ വീടുകളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തുന്നത്. പത്തും ഇരുപതും മൃതദേഹങ്ങൾ ഒരേ വീട്ടിൽ. രക്ഷ തേടി സ്വന്തം വീടുപേക്ഷിച്ച് അടച്ചുറപ്പുള്ള മറ്റു വീടുകളിലേക്ക് ഓടി കയറിയവരാവാം ഇതിൽ മിക്കവരും. എന്നാൽ അടച്ചുറപ്പുള്ള വീടുകൾക്കോ രണ്ടു നില വീടുകൾക്കോ ഒന്നും ഈ വലിയ ദുരന്തത്തെ നേരിടാനായില്ല.
ഇനി അത്ഭുതകരമായി രക്ഷപ്പെട്ടവരാകട്ടെ നേരിടുന്നത് വലിയ മാനസികാഘാതമാണ്. ഉറ്റവരെയും ഉടയവരെയും കാത്ത് ആശുപത്രികൾ തോറും കയറി ഇറങ്ങുന്നവരുടെയും പൊട്ടിക്കരഞ്ഞുകൊണ്ട് മൃതദേഹങ്ങൾ തിരിച്ചറിയുന്നവരുടെയും കാഴ്ചകൾ ഹൃദയഭേദകമാണ്. മാതാപിതാക്കൾക്കായും സഹോദരങ്ങൾക്കായുമൊക്കെ കാത്തിരിക്കുന്നവരെയും ക്യാംപുകളിലും ആശുപത്രികളിലും കാണാം. ഇന്നലെവരെ കൂടെയുണ്ടായിരുന്നവർക്ക് എന്ത് പറ്റിയന്നുപോലും അറിയാതെയാണ് പല മനുഷ്യരും നിസ്സഹായരായി ക്യാംപുകളിൽ കഴിയുന്നത്.
Read more
നൂറിൽ കൂടുതൽ ആളുകളെ കാണാതായിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. ഇന്നലെ എത്തിച്ചേരാൻ കഴിയാതിരുന്ന പല പ്രദേശങ്ങളിലേക്കും ഇന്ന് സൈന്യം എത്തും. ഇവിടങ്ങളിലൊക്കെ എത്ര പേർ സഹായം കാത്ത് കിടക്കുന്നെന്നോ, എത്ര പേർ ജീവനറ്റ് കിടക്കുന്നെന്നോ ആർക്കും അറിയില്ല. മരണ സംഖ്യാ ഇനിയും ഉയരും. രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോഴേക്കും കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാവും മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ.