പെരിയ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികള്‍ക്കും കോടതി ജാമ്യം നിഷേധിച്ചു. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടുക്കം സ്വദേശികളായ വിഷ്ണു സുര, ശാസ്താ മധു, റജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരുടെ ജാമ്യപേക്ഷയാണ് തള്ളിയത്. എറണാകുളം സിജെഎം കോടതിയാണ് ഇവരുടെ ജാമ്യാപേക്ഷ തള്ളിയത്. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് സിബിഐ വാദിച്ചിരുന്നു. പ്രതികള്‍ ഉന്നത രാഷ്ട്രീയ ബന്ധമുള്ളവരാണ്. ഇത് കണക്കിലെടുത്താണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
കേസില്‍ ഗൂഡാലോചനാക്കുറ്റം, ആയുധങ്ങള്‍ സമാഹരിക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍, വാഹനം സൗകര്യം ഏര്‍പ്പെടുത്തല്‍, തെളിവ് നശിപ്പിക്കല്‍ എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സിബിഐ അറസ്റ്റ് ചെയ്ത 5 പേരടക്കം 24 പേരാണ് കേസിലെ പ്രതികള്‍. പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗമായ പീതാംബരനാണ് ഒന്നാം പ്രതി. കേസില്‍ ഉദുമ മുന്‍ എം.എല്‍.എയും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമനെയും പ്രതി ചേര്‍ത്തിരുന്നു. 20 ാം പ്രതിയാണ് ഇയാള്‍. പ്രതികളെ കസ്റ്റഡിയില്‍ നിന്ന് രക്ഷിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
2019 ഫെബ്രുവരി 17ന് രാത്രി 7.45 നാണ് കാസര്‍ഗോഡ് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാല്‍ (24) എന്നിവരെ വാഹനങ്ങളിലെത്തിയ ഒരു സംഘം, ബൈക്ക് തടഞ്ഞ് നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്. 14 പേരെ ക്രൈം ബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സിപിഎം ഏരിയ, ലോക്കല്‍ സെക്രട്ടറിമാരും പാര്‍ട്ടി പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഈ മാസം ആദ്യമാണ് ബ്രാഞ്ച് സെക്രട്ടറിയുള്‍പ്പെടെ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളെ സിബിഐ അറസ്റ്റ് ചെയ്തത്. നിലവില്‍ ജാമ്യ ഹര്‍ജി തള്ളിയതോടെ പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ സാദ്ധ്യതയുണ്ട്.
Read more
സിബിഐയുടെ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് കൊച്ചി സിജെഎം കോടതിയില്‍ കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ സിബിഐ അന്വേഷണം നടത്തേണ്ടെന്ന സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കാതെയാണ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സിബിഎക്ക് കൈമാറി കൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ചത്. സുപ്രീംകോടതി ഇത് ശരിവച്ചിരുന്നു.