ഷിരൂരിൽ തിരച്ചിൽ സിഗ്നൽ ഉണ്ടെന്ന് ഉറപ്പിച്ച ആദ്യ ഭാഗത്ത്; ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന നിർണായകമെന്ന് സൈന്യം

ഷിരൂരിൽ അർജുന് വേണ്ടിയുള്ള തിരച്ചിലിൽ സിഗ്നൽ ഉണ്ടെന്ന് ഉറപ്പിച്ച ആദ്യ ഭാഗത്ത് ഇറങ്ങുന്നതിന് തന്നെയാണ് ആദ്യ പരിഗണനയെന്ന് വ്യക്തമാക്കി സൈന്യം. സോണാർ, റഡാർ, ഐബോഡ് എന്നീ പരിശോധനകളിൽ കിട്ടിയ സി​ഗ്നൽ ലഭിച്ച സ്ഥലത്താകും പരിശോധന. പുതിയ സിഗ്നലിന് പഴയ സിഗ്നലിനെക്കാൾ കൂടുതൽ സാധ്യത കൽപിക്കാൻ കഴിയില്ലെന്നും സൈന്യം പറഞ്ഞു. മലയടിവാരത്ത് നിന്ന് 70 മീറ്റർ അകലെ, 8-10 മീറ്റർ താഴ്ചയിലാണ് സിഗ്നലെന്നും സൈന്യം അറിയിച്ചു.

ഐബോഡ് സംഘത്തിന്റെ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന തിരച്ചിലിൽ നിർണായകമാണെന്നും സൈന്യം അറിയിച്ചു. വെള്ളത്തിനടിയിൽ പ്രവർത്തിപ്പിക്കാവുന്ന ക്യാമറ ഉപയോഗിച്ചും വ്യക്തതയുള്ള ചിത്രം കിട്ടാനായി ശ്രമം നടത്തുന്നുണ്ടെന്നും രണ്ട് ലോങ് ബൂം എസ്കവേറ്ററുകൾ പുഴക്കരികിലെ മണ്ണ് നീക്കിയും പരിശോധന നടത്തിയിരുന്നതായും സൈന്യം അറിയിച്ചു.

പുഴയ്ക്ക് അടിയിൽ ഉള്ള ഓരോ ലോഹ വസ്തുവിന്റെ സാന്നിധ്യവും ഡ്രോൺ പരിശോധനയിൽ തെളിയും. കൂടുതൽ മേഖലയിലേക്ക് തെരച്ചിൽ വ്യാപിപ്പിച്ചാൽ കൂടുതൽ സിഗ്നലുകൾ കിട്ടും. അപ്പോഴും പല സിഗ്നൽ പരിശോധനാ സംവിധാനങ്ങൾ ഉപയോഗിച്ച് ഉറപ്പ് വരുത്തിയ സിഗ്നലിലാകും ആദ്യ പരിഗണന. ഈ സിഗ്നലിലാണ് ഒരു ട്രക്കിന്റെ രൂപഘടന കിട്ടിയിട്ടുള്ളത്.

അതേസമയം ഇന്നും കനത്ത മഴയായതിനാൽ‌ മുങ്ങൽ വിദഗ്ധർക്ക് നദിയിലേക്ക് ഇറങ്ങാൻ സാധിച്ചില്ല. അടിയൊഴുക്ക് ശക്തമായതിനാലാണ് മുങ്ങൽ വിദഗ്ധർക്ക് നദിയിലേക്ക് ഇറങ്ങാൻ സാധിക്കാതിരുന്നത്. ഷിരൂരിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയാണ്. അതിനിടെ അര്‍ജുനായുള്ള രക്ഷാദൗത്യം തുടരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. സാധ്യമാവുന്ന പുതിയ രീതികള്‍ സ്വീകരിച്ച് തിരച്ചില്‍ തുടരാനാണ് യോഗത്തിലെ തീരുമാനമെന്ന് മന്ത്രി അറിയിച്ചു. ശ്രമം തുടരണം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.