പെരിയാറിൽ മത്സ്യങ്ങൾ ചത്ത് പൊങ്ങിയ സംഭവം; കാരണം രാസമാലിന്യമെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്

പെരിയാറില്‍ മാലിന്യം കലർന്നതിനെ തുടർന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു പൊങ്ങിയ സംഭവത്തില്‍ വിദഗ്ധ സമിതി റിപ്പോർട്ട് പുറത്ത്. മത്സ്യങ്ങൾ ചത്ത് പൊങ്ങാൻ കാരണം രാസമാലിന്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടും കമ്പനികൾക്കെതിരെ നടപടിയെടുക്കാൻ ഇതുവരെയും അധികൃതർ തയാറായിട്ടില്ല.

ഏലൂരിൽ പെരിയാറൊഴുകുന്നത് ക്യാൻസറും വഹിച്ച്; തീരത്തെ വ്യവസായ ശാലകളുടെ പട്ടിക നൽകാനും ആരോഗ്യ സർവേ നടത്താനും ഹൈക്കോടതി നിർദ്ദേശം

പെരിയാറിലെ മത്സ്യക്കുരുതിയിൽ 41 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് പെരിയാർ മലിനീകരണ വിരുദ്ധ സംയുക്ത സമിതി നിയോഗിച്ച സമിതി കണ്ടെത്തി. കുഫോസ് മുൻ വൈസ്ചാൻസലർ ഡോ ബി മധുസൂദനക്കുറുപ്പ് ചെയർമാനായ സമിതിയാണ് കണ്ടെത്തിയത്. തുടർച്ചയായി റിപ്പോർട്ടുകൾ വന്നിട്ടും നഷ്ടപരിഹാരത്തിന്‍റെ കാര്യത്തിലും ദുരന്തത്തിന് കാരണക്കാരായ കമ്പനികൾക്കെതിരെ ഇനിയും നടപടിഎടുത്തില്ല.

ഇക്കഴിഞ്ഞ മെയ് 20നായിരുന്നു പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയത്. തുടർന്ന് രാസമാലിന്യം കലർന്നാണെന്നാരോപിച്ച് കർഷകർ പ്രതിഷേധമുയർത്തി. ആഗസ്റ്റിലും ഡിസംബറിലും വിളവെടുക്കാൻ പാകത്തിലാണ് മത്സ്യക്കൂടൊരുക്കിയത്. ലക്ഷങ്ങൾ ലോണെടുത്താണ് ഇവർ മത്സ്യകൃഷി ചെയ്തത്. എന്നാൽ മൽസ്യങ്ങൾ കൂട്ടത്തോടെ ചത്ത് പോകിയപ്പോൾ അവരുടെ സ്വപ്നങ്ങളും പൊലിഞ്ഞു. മൽസ്യങ്ങൾ ചത്ത് പൊങ്ങിയിട്ടും പെരിയാറിലേക്ക് മാലിന്യം തള്ളുന്നതിനും ഒരുകുറവും വന്നിട്ടുമില്ല.