വയനാട്ടിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോയിൽ കൊണ്ടുപോയ സംഭവം; ട്രൈബൽ പ്രമോട്ടറെ പിരിച്ച് വിട്ടു, പ്രതിഷേധം

വയനാട് മാനന്തവാടിയിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയ സംഭവത്തിൽ നടപടി. ട്രൈബൽ പ്രമോട്ടർക്കെതിരെയാണ് പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിൻ്റെ നടപടി. സംഭവത്തിൽ ട്രൈബൽ പ്രമോട്ടർ മഹേഷ് കുമാറിനെ പിരിച്ചുവിട്ട് ഉത്തരവിറക്കി. അതേസമയം ഉത്തരവിന് പിന്നാലെ നടപടിയിൽ പ്രതിഷേധവുമായി എസ്ടി പ്രമോട്ടർമാർ രംഗത്തെത്തി.

ആംബുലൻസ് എത്തിക്കാൻ പഞ്ചായത്ത് ഭരണസമിതിക്കും ഉത്തരവാദിത്വം ഉണ്ടായിരുന്നുവെന്നും മഹേഷിനെ തിരിച്ചെടുക്കും വരെ സമരം തുടരുമെന്നും പ്രമോട്ടർമാർ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. എടവക വീട്ടിച്ചാൽ ഉന്നതിയിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് വീട്ടിൽ നിന്ന് നാലു കിലോമീറ്റർ അകലെയുള്ള ശ്മശാനത്തിലേക്ക് ഓട്ടോയിൽ കൊണ്ടു പോകേണ്ടി വന്നത്. ഇന്നലെ 10 മണിയോടെയാണ് വായോധിക മരിച്ചത്. വൈകുന്നേരം നാല് വരേ ആംബുലൻസിനു വേണ്ടി കാത്തിരുന്നെങ്കിലും അനുവദിച്ചില്ലെന്ന് പരാതി. പിന്നാലെയാണ് മൃതദേഹം ഓട്ടോയിൽ കൊണ്ടു പോയത്.

മാനന്തവാടിയിൽ ട്രൈബൽ വകുപ്പിന് രണ്ട് ആംബുലൻസുകൾ മാത്രമാണുള്ളത്. രണ്ട് ആംബുലൻസുകളും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകുന്നതിനാൽ ആദിവാസി വിഭാഗക്കാർക്ക് ലഭ്യമല്ലാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. മുൻപും ആളുകൾ മരിക്കുമ്പോൾ ആംബുലൻസുകൾ ലഭ്യമായിട്ടില്ലെന്നും പരാതി ഉയരുന്നുണ്ട്. പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ഒ ആർ കേളുവിൻ്റെ സ്വന്തം മണ്ഡലമാണിത്.

അതേസമയം സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന്‌ മന്ത്രി ഒ ആർ കേളു പറഞ്ഞു. “ഇത്‌ അന്വേഷിക്കും. എടവക പഞ്ചായത്തിനോട്‌ ചേർന്നുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ആംബുലൻസ്‌ ഉണ്ടായിരുന്നു. ഇതിന്‌ സമീപത്താണ്‌ മരിച്ച ചുണ്ടയുടെ ഉന്നതി. പഞ്ചായത്തിലെ വിവിധ സന്നദ്ധ സംഘടനകൾക്കും രാഷ്ട്രീയ പാർട്ടികൾക്കും ആംബുലൻസ് ഉണ്ട്.” ഇതൊന്നും ഉപയോഗിച്ചില്ല എന്നത് ഗൗരവത്തോടെ കാണണമെന്നും മന്ത്രി പറഞ്ഞു.