'പ്രതികൂല കാലാവസ്ഥയിലും തളരാതെ ഇന്ത്യന്‍ ആര്‍മി', ചൂരല്‍മലയില്‍ ബെയ്‌ലി പാലം സജ്ജം, ഗതാഗതത്തിന് തുറന്ന്കൊടുത്തു

വയനാട് ചൂരല്‍മലയില്‍ ഉരുൾപൊട്ടലിൽ രക്ഷാപ്രവര്‍ത്തനത്തിൻ്റെ ഭാഗമായി ബെയ്‌ലി പാലത്തിൻ്റെ നിര്‍മ്മാണം പൂര്‍ത്തിയായി. പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തു. 2 ദിവസത്തെ തളരാത്ത സൈന്യത്തിന്റെ ഫലമായാണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കാനായത്. പ്രതികൂല കാലാവസ്ഥയിലും പാലത്തിന്റെ നിർമാണം പൂർത്തിയാക്കാനായത് രക്ഷാദൗത്യത്തിൽ നിർണായകമാണ്.

പ്രതികൂല സാഹചര്യങ്ങള്‍ മറികടന്ന് കരസേനയുടെ അംഗങ്ങളാണ് പാലം നിര്‍മ്മിച്ചത്. ബെയ്‌ലി പാലം സജ്ജമായതോടെ രക്ഷാദൗത്യം കൂടുതൽ കാര്യക്ഷമമാക്കാൻ വഴിയൊരുങ്ങുകയാണ്. ബുധനാഴ്‌ച തുടങ്ങിയ നിർമാണം പ്രതികൂല സാഹചര്യങ്ങളെല്ലാം മറികടന്ന് രാപകൽ കഠിനാധ്വാനംചെയ്‌ത്‌ പൂർണ്ണ സജ്ജമാക്കിയ പാലത്തിലൂടെ ഇന്ന് വൈകീട്ട് 5.50 ഓടെ ആദ്യ വാഹനം കടത്തിവിട്ടു.

താത്കാലികമായി നി‍ർമ്മിക്കുന്ന ബെയ്‌ലി പാലം നാടിന് സമർപ്പിക്കുന്നതായി സൈന്യം അറിയിച്ചിരുന്നു. സ്ഥിരം പാലം വരുന്നതുവരെ ബെയ്‌ലി പാലം നാടിനെന്ന് മേജർ ജനറൽ വിനോദ് മാത്യു പറഞ്ഞിരുന്നു. വലിയ ചരിവുള്ള ദുര്‍ഘടമായ പ്രദേശങ്ങളില്‍ അടിയന്തരമായി പണിയുന്ന പാലമാണ് ബെയ്‌ലി പാലം. ദുരന്തനിവാരണത്തിനും സൈനികാവശ്യങ്ങള്‍ക്കുമാണ് ഇത്തരം പാലം നിര്‍മ്മിക്കുന്നത്.