ഗതാഗത വകുപ്പിന്റെ പരിശോധനക്ക് എതിരെ തിട്ടൂരവുമായി ലക്ഷ്വറി ബസ് ഉടമകള്‍; 'മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക്'

ഗതാഗത മന്ത്രിയുമായി ഇന്നു നടത്തുന്ന ചര്‍ച്ചയില്‍ തീരുമാനം ആയില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് അന്തര്‍സംസ്ഥാന ലക്ഷ്വറി ബസ് ഉടമകള്‍. കല്ലട ട്രാവല്‍സിന്റെ ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ച മിന്നല്‍ പരിശോധനയില്‍ പ്രതിഷേധിച്ച് ഇന്നലെ അന്തര്‍സംസ്ഥാന ലക്ഷ്വറി ബസുകള്‍ പണിമുടക്കിയിരുന്നു. അപ്രതീക്ഷിതമായ പണിമുടക്കില്‍ നൂറുകണക്കിന് യാത്രക്കാര്‍ വലഞ്ഞു. പരിശോധനയ്ക്കിടെ അനാവശ്യമായി ഫൈന്‍ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് മലബാര്‍ മേഖലയിലെ അന്തര്‍സംസ്ഥാന ലക്ഷ്വറി ബസുകള്‍ സൂചനാ പണിമുടക്ക് നടത്തിയത്.

Read more

കേരളത്തിലെയും കര്‍ണാടകത്തിലെയും കെ.എസ്.ആര്‍.ടി.സി ബസുകള്‍ ബംഗളൂരുവിലേക്ക് അധിക സര്‍വീസുകള്‍ നടത്തിയാണ് യാത്രാക്ലേശം ഒരു പരിധി വരെ പരിഹരിച്ചത്. കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് ബസുകളില്‍ കര്‍ശന പരിശോധനയാണ് നടത്തുന്നത്. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ് എന്ന പേരിലാണ് മിന്നല്‍ പരിശോധന.