നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്; റവന്യു മന്ത്രി റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് കൈമാറി

എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവില്ലെന്ന് ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്. റവന്യു മന്ത്രി അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് കൈമാറി. എഡിഎം അഴിമതി നടത്തിയെന്ന ആരോപണത്തിന് തെളിവില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.

അതേസമയം എഡിഎം നവീന്‍ ബാബു ചേമ്പറിലെത്തി തെറ്റുപറ്റിയെന്ന് പറഞ്ഞെന്ന ജില്ലാ കളക്ടറുടെ പരാമര്‍ശം റിപ്പോര്‍ട്ടില്‍ ഉപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ എഡിഎം എന്താണ് ഇതിലൂടെ അര്‍ത്ഥമാക്കിയതെന്ന് അന്വേഷണ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തില്‍ പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍ മൊഴിയില്‍ ആവശ്യെമെങ്കില്‍ കൂടുതല്‍ അന്വേഷണം നടക്കട്ടെ എന്നാണ് കളക്ടറുടെ നിലപാട്.

കളക്ടര്‍ നല്‍കിയ വിശദീകരണ കുറിപ്പിലാണ് പരാമര്‍ശമുള്ളത്. എന്നാല്‍ നവീന്‍ ബാബുവിന് തെറ്റുപറ്റിയെന്ന് തന്നോട് പറഞ്ഞെന്ന കളക്ടറുടെ മൊഴിയില്‍ ലാന്റ് റവന്യു ജോയിന്റ് കമ്മീഷണര്‍ വിശദീകരണം തേടിയില്ലെന്നും ആരോപണം ഉയരുന്നുണ്ട്. നവീന്‍ ബാബുവിന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങളില്‍ ഉള്‍പ്പെടെ കൂടുതല്‍ അന്വേഷണം നടക്കട്ടെ എന്നതാണ് കളക്ടറുടെ നിലപാട്.

കളക്ടറുടെ മൊഴിയില്‍ നവീന്‍ ബാബുവിന്റെ കുടുംബം എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. റവന്യു മന്ത്രിക്കും കളക്ടറുടെ മൊഴിയില്‍ അതൃപ്തി ഉണ്ടെന്നാണ് വിവരം.