അനന്തരം അവർ പറഞ്ഞു 'സ്വർണം തേടി നാം നഷ്ടപ്പെടുത്തിയത് വജ്രം'; മോദി യുഗത്തിൽ തിളങ്ങിയ മൻമോഹൻ

ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ശില്പിയായി വാഴ്ത്തപ്പെട്ട മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് വിട വാങ്ങുമ്പോൾ, അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തെയും സാമ്പത്തിക പരിജ്ഞാനത്തെയും കുറിച്ച് ഓർമ്മിക്കാതിരിക്കാനാവില്ല. 2019ൽ നരേന്ദ്ര മോദി തുടർച്ചയായി രണ്ടാം തവണയും പ്രധാനമന്ത്രി പദത്തിലെത്തുന്നതിന് മുൻപ്, അന്നത്തെ സാമ്പത്തിക വളർച്ചാ കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് വരാനിരിക്കുന്ന സാമ്പത്തിക മാന്ദ്യം അദ്ദേഹം മുൻകൂട്ടി പറഞ്ഞിരുന്നു.

സാമ്പത്തിക നയങ്ങളിൽ കോടതികളുടെ കൈകടത്തലുകളെ അപലപിച്ച അദ്ദേഹം, സമ്പദ്‌വ്യവസ്ഥയെ കോൺഗ്രസ് ഇങ്ങനെയായിരുന്നില്ല കൈകാര്യം ചെയ്തിരുന്നതെന്നും അവകാശപ്പെട്ടിരുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് രാജ്യത്തിൻ്റെ സമ്പദ്‌ വ്യവസ്ഥയുടെ ചലനാത്മകതയെക്കുറിച്ചുള്ള കാഴ്ചപ്പാടോ ധാരണയോ ഇല്ലാത്തത് മൂലമാണ് നോട്ട് നിരോധനം എന്ന വിനാശകരമായ തീരുമാനത്തിലേക്ക് അവർ എത്തിയതെന്നാണ് മൻമോഹൻ സിംഗ് പറഞ്ഞത്. “സംഘടിത കവർച്ചയും നിയമവിധേയമാക്കിയ കൊള്ളയും” എന്നാണ് 2019 ലെ നരേന്ദ്ര മോദിയുടെ നോട്ട് നിരോധനത്തെ സിംഗ് വിശേഷിപ്പിച്ചത്.

സുതാര്യത കൊണ്ടുവരുമെന്നും അഴിമതിക്കെതിരെ പോരാടുമെന്നും വാഗ്ദാനം നൽകി എത്തിയ മോദി സർക്കാർ, കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ചെയ്ത അഴിമതി നമുക്ക് സങ്കൽപ്പിക്കാനാവാത്ത അത്ര ഉയരത്തിൽ ഉള്ളതായിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിയായിരുന്നു നോട്ട് നിരോധനം എന്നും സിംഗ് അന്ന് പറഞ്ഞിരുന്നു.

2019ന് ശേഷം അനാരോഗ്യവാനായ മൻമോഹൻ സിംഗ് പൊതുവിടങ്ങളിൽ എത്തുന്നത് വിരളമായിരുന്നു. എന്നാൽ 2023 ൽ രാജ്യസഭയിൽ ഡൽഹിയുമായി ബന്ധപ്പെട്ട പ്രധനപ്പെട്ട ബിൽ അവതരിപ്പിക്കുന്ന ദിവസം വീൽ ചെയറിൽ സഭയിലേക്ക് എത്തുന്ന മൻമോഹൻ സിംഗിന്റെ ദൃശങ്ങൾ നാമേവരും കണ്ടതാണ്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആവട്ടെ നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി സിംഗ് രംഗത്ത് വന്നിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മോദി നടത്തിയ “വിദ്വേഷ പ്രസംഗങ്ങൾ” പൊതു പ്രഭാഷണത്തിൻ്റെ തന്നെ അന്തസും പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ മാന്യതയും ഇല്ലാതാക്കിയെന്ന് സിംഗ് ആരോപിച്ചു.

സായുധ സേനയിൽ ബിജെപി സർക്കാർ നടപ്പിലാക്കിയ അഗ്നിപഥ് പദ്ധതി ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായ ഒന്നെന്നാണ് സിംഗ് വിശേഷിപ്പിച്ചു. രാജ്യസ്‌നേഹത്തിൻ്റെയും ധീരതയുടെയും സേവനത്തിൻ്റെയും മൂല്യം നാല് വർഷം മാത്രമാണെന്നാണ് ബിജെപി കരുതുന്നത്. ഇത് അവരുടെ കപട ദേശീയതയാണ് കാണിക്കുന്നത് എന്നും ഈ വർഷം ജൂണിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിലെ വോട്ടർമാർക്കുള്ള തൻ്റെ അവസാനത്തെ കത്തിൽ അദ്ദേഹം പറഞ്ഞു.

പഞ്ചാബിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ പാരമ്യത്തിൽ മെയ് 30ന് സിംഗ് മാധ്യമങ്ങൾക്ക് അയച്ച കത്ത് കോൺഗ്രസ് പുറത്തുവിട്ടിരുന്നു. റഗുലർ റിക്രൂട്ട്‌മെൻ്റിനായി പരിശീലനം നേടിയവരെ പുറത്താക്കിയ ഭരണകൂടം ദയനീയമായി വഞ്ചിച്ചുവെന്ന് സിംഗ് പറഞ്ഞിരുന്നു. സായുധ സേനയിലൂടെ മാതൃരാജ്യത്തെ സേവിക്കാൻ സ്വപ്നം കാണുന്ന കർഷകൻ്റെ മകനായ പഞ്ചാബിലെ യുവാക്കൾ 4 വർഷത്തേക്ക് മാത്രം റിക്രൂട്ട് ചെയ്യുന്നതിനെക്കുറിച്ച് രണ്ട് തവണ ആലോചിക്കുന്നു. അഗ്നിവീർ പദ്ധതി രാജ്യസുരക്ഷയെ അപകടത്തിലാക്കുന്നു. അതിനാൽ അഗ്നിവീർ പദ്ധതി നിർത്തലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മോദിക്കെതിരെ ആഞ്ഞടിച്ച സിംഗ് പറഞ്ഞത്, ഈ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വിദ്വേഷ പ്രസംഗങ്ങളുടെ ഏറ്റവും നികൃഷ്ടമായ രൂപത്തിലാണ് മോദി ഏർപ്പെട്ടിരിക്കുന്നത്. അത് തികച്ചും ഭിന്നിപ്പിക്കുന്ന സ്വഭാവമാണ്. സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെയോ പ്രതിപക്ഷത്തെയോ ലക്ഷ്യം വച്ചുകൊണ്ട് വിദ്വേഷജനകവും പാർലമെൻ്ററി വിരുദ്ധവും പരുഷവുമായ പദങ്ങൾ മോദിയെപോലെ മുൻകാലങ്ങളിൽ ഒരു പ്രധാനമന്ത്രിയും പറഞ്ഞിട്ടില്ല. ചില തെറ്റായ പ്രസ്താവനകൾ അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. ജീവിതത്തിൽ ഞാനൊരിക്കലും ഒരെണ്ണം പോലും അത്തരത്തിൽ പറഞ്ഞിട്ടില്ല. അത് ബിജെപിയുടെ മാത്രം പകർപ്പവകാശം ആണെന്നും സിംഗ് പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്. മനുഷ്യന്മാരെ തമ്മിൽ വേർതിരിക്കുന്ന ഇത്തരം പ്രവണതകൾ അതിന്റെ പാരമ്യത്തിലെത്തി. രാജ്യത്തിൻ്റെ വിഭവങ്ങളിൽ മുസ്‌ലിംകൾക്കാണ് ആദ്യ അവകാശം എന്ന് സിംഗ് പറഞ്ഞതായി മോദി തിരഞ്ഞെടുപ്പ് കാലത്ത് ആരോപിച്ചിരുന്നു.
ഈ വിയോജിപ്പിൻ്റെ ശക്തികളിൽ നിന്ന് നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ രക്ഷിക്കേണ്ടത് ഇപ്പോൾ നമ്മുടെ കടമയാണ് എന്നാണ് അതിന് മറുപടിയായി സിംഗ് പറഞ്ഞത്.

ഇന്ത്യയിൽ സ്നേഹത്തിനും സമാധാനത്തിനും സാഹോദര്യത്തിനും ഐക്യത്തിനും അവസരം നൽകണമെന്ന് അദ്ദേഹം വോട്ടർമാരോട് അഭ്യർത്ഥിക്കുകയും വികസനത്തിനും എല്ലാവരെയും ഉൾക്കൊള്ളുന്ന പുരോഗതിക്കുമായി പഞ്ചാബ് വോട്ടർമാരോട് അഭ്യർത്ഥിക്കുകയും ചെയ്തു. സ്വേച്ഛാധിപത്യം അഴിച്ചുവിടാൻ ശ്രമിക്കുന്ന ഒരു സ്വേച്ഛാധിപത്യ ഭരണകൂടത്തിൻ്റെ ആവർത്തിച്ചുള്ള ആക്രമണങ്ങളിൽ നിന്ന് ജനാധിപത്യവും നമ്മുടെ ഭരണഘടനയും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ നമുക്കുള്ള അവസാന അവസരമാണിതെന്നാണ് ജൂണിലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ കുറിച്ച് സിംഗ് പറഞ്ഞത്.

പഞ്ചാബിലെ വോട്ടർമാർക്കയച്ച കത്തിൽ, കർഷക സമരത്തെ കുറിച്ചു ഓർമ്മിപ്പിക്കുവാനും സിംഗ് ശ്രമിച്ചിരുന്നു. പഞ്ചാബിൽ നിന്നുള്ള 750 കർഷകർ മാസങ്ങളോളം തുടർച്ചയായി ഡൽഹി അതിർത്തികളിൽ കാത്തുനിന്ന് രക്തസാക്ഷികളായി. അവരെ ആക്രമിക്കാൻ ലാത്തികളും റബ്ബർ ബുള്ളറ്റുകളും ഉപയോഗിച്ചിട്ടും മതിയാകാതെ, പാർലമെൻ്റിൻ്റെ പൊതുവേദിയിൽ വെച്ച് പ്രധാനമന്ത്രി അവരെ ഇത്തിൾക്കണ്ണികൾ എന്ന് വിളിച്ച് വാക്കാൽ ആക്രമിച്ചു.

മുൻപൊന്നും രാജ്യം അഭിമുഖീകരിച്ചിട്ടില്ലാത്ത തൊഴിലില്ലായ്മയും അനിയന്ത്രിതമായ പണപ്പെരുപ്പവും രാജ്യത്ത് അസമത്വത്തെ വളരെയധികം വർദ്ധിപ്പിച്ചു. രാജ്യത്തെ പാവപ്പെട്ടവരും പണക്കാരും എന്ന അസമത്വം ഇപ്പോൾ 100 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്. കോൺഗ്രസ്- യുപിഎ സർക്കാർ വെല്ലുവിളികൾക്കിടയിലും രാജ്യത്തെ ജനങ്ങളുടെ വാങ്ങൽ ശേഷി വർധിപ്പിച്ചു. എന്നാൽ ബിജെപി ഗവൺമെൻ്റിൻ്റെ ദുർഭരണം രാജ്യത്തെ ജനങ്ങളുടെ സമ്പാദ്യ ശേഷി ചരിത്രത്തിലെ 47 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിച്ചുവെന്നും സിംഗ് കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ തന്നെയാണ് മൻമോഹൻ സിംഗിന്റെ വിടവാങ്ങലിൽ ഓരോ ഇന്ത്യക്കാരനും ചെറുതല്ലാത്ത ഒരു ദുഃഖം കടന്നുവരാൻ കാരണമാകുന്നത്. രാജ്യത്തെ ജനങ്ങളോടുള്ള കരുതൽ മാത്രമല്ല, ധനമന്ത്രിയും പ്രധാനമന്ത്രിയും ആയിരുന്ന സമയം സംസ്ഥാനങ്ങളെ ചേർത്തുപിടിച്ചിരുന്ന അദ്ദേഹത്തിന്റെ നേതൃപാടവവും ചർച്ചയാകുന്നുണ്ട്. 1996 ൽ മൻമോഹൻസിങ് ധനമന്ത്രി ആയിരിക്കെ, കേരളത്തിന്റെ ഫൈനാൻസ് സെക്രട്ടറിയായിരുന്ന കെഎം ചന്ദ്രശേഖർ പങ്കുവെക്കുന്ന ഓർമ്മ അത്തരത്തിലൊന്നാണ്. അന്ന് സ്റ്റേറ്റിന് വലിയ സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ മൻമോഹൻസിങ്ങിനെ കണ്ടെന്നും പണം ആവശ്യപ്പെടുകയും ചെയ്‌തെന്ന് ചന്ദ്രശേഖർ പറയുന്നു. അപ്പോൾ തന്നെ സിംഗ് അമ്പത് കോടിയുടെ പ്ലാൻ അഡ്വാൻസ് പാസാക്കി. എന്നാൽ ചന്ദ്രശേഖറിനെ അത്ഭുതപ്പെടുത്തിയത് അടുത്ത വർഷം മൻമോഹൻ സിംഗ് കേരളത്തോട് നടത്തിയ കരുതലാണ്. ഓണം വരുന്നതിന് മുന്നോടിയായി കേരളത്തിന് പണത്തിന്റെ ആവശ്യങ്ങൾ ഉണ്ടോന്ന് അന്വേഷിക്കണമെന്ന് റവന്യൂ സെക്രട്ടറിയെ പറഞ്ഞ് ചുമതലപ്പെടുത്തിയതായിരുന്നു അത്.

വയനാട്ടിലെ ഉരുൾപൊട്ടൽ നടന്ന് അഞ്ച് മാസങ്ങൾ പിന്നിടുമ്പോഴും ഒരു ഫോട്ടോഷൂട്ട് മാത്രം നടത്തി പോയി, നയാപൈസയുടെ സാമ്പത്തിക സഹായം അനുവദിക്കാതെ, സംസ്ഥാനത്തോട് പകയോടെ പെരുമാറുന്ന ഒരു പ്രധാനമന്ത്രി ഭരിക്കുന്ന കാലത്ത് മൻമോഹൻ സിംഗ് വീണ്ടും വീണ്ടും ഓർമിക്കപ്പെടുക തന്നെ ചെയ്യും. അന്ന് മൻമോഹൻ സിംഗ് പറഞ്ഞ വാക്കുകളും അതോടൊപ്പം ഓർമ്മിക്കപ്പെടും; ‘നരേന്ദ്രമോദി പ്രധനമന്ത്രി ആയിരിക്കുന്നത് രാജ്യത്തിന് ഒരു ദുരന്തമായിരിക്കും’.