'തെങ്ങില്‍ ഉണങ്ങിയ തേങ്ങയുണ്ടേ..'; തെളിവെടുപ്പിനിടെ പൊലീസിന് ഭഗവല്‍ സിംഗിന്റെ കരുതല്‍

ഇലന്തൂര്‍ ഇരട്ടനരബലി കേസില്‍ തെളിവെടുപ്പിനിടെ പൊലീസിന് ഭഗവല്‍ സിംഗിന്റെ കരുതല്‍. ഇലന്തൂരിലെ വീട്ടുവളപ്പില്‍ തെളിവെടുപ്പിന് എത്തിയപ്പോഴാണ് ഇരട്ടനരബലി കേസിലെ രണ്ടാം പ്രതിയുടെ കരുതല്‍ പൊലീസിനെ ഞെട്ടിച്ചത്.

കേസില്‍ ഇരയായ പത്മയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായിരുന്നു പരിശോധന. ഫോണ്‍ എറിഞ്ഞതെന്ന് ഭഗവല്‍ സിംഗ് തറപ്പിച്ച് പറഞ്ഞ സ്ഥലത്തായിരുന്നു പരിശോധന. ജീപ്പിലാണ് ഭഗവല്‍ സിംഗിനെ തെളിവെടുപ്പിന് കൊണ്ടുവന്നത്. കറുത്ത തുണി കൊണ്ട് മുഖം മൂടിയിരുന്നു. വടം കൊണ്ട് രണ്ട് വശത്തെയും ആളുകളെ മാറ്റി നിര്‍ത്തിയ ശേഷം അതിന് നടുവിലൂടെയാണ് ഫോണ്‍ വലിച്ചെറിഞ്ഞതെന്ന് കരുതുന്ന തോടിന് സമീപത്തേക്ക് കൊണ്ടുപോയത്. തോട്ടിലേക്ക് ഫോണ്‍ എറിഞ്ഞുവെന്നായിരുന്നു പ്രതിയുടെ മൊഴി.

തിരച്ചിലിനിടെ വീടും പുരയിടവും നിരീക്ഷിച്ച ഭഗവല്‍ സിംഗ് തെങ്ങുകളില്‍ ഉണങ്ങിയ തേങ്ങകള്‍ കിടക്കുന്നുണ്ടെന്ന് പൊലീസിന് മുന്നറിയിപ്പ് നല്‍കുകയായിരുന്നു. ഇതിനിടയില്‍ ഒരു തെങ്ങില്‍ നിന്ന് ഉണങ്ങിയ ഓല വീണത് പൊലീസിനെയും പ്രതിയെയും ഞെട്ടിച്ചു.

പൊലീസ് രണ്ടുമണിക്കൂര്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല. ഭഗവല്‍ സിംഗ് പറഞ്ഞ ഭാഗത്തുനിന്ന് ഇരുവശത്തേക്കും പത്തുമീറ്റര്‍ വീതം കാടും പടര്‍പ്പും മാറ്റി തെരച്ചില്‍ നടത്തി. വെള്ളത്തിലെ ചെളിയില്‍ ചവിട്ടി നോക്കിയെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല.

കൊല്ലപ്പെട്ട റോസ്‌ലിയുടെ മൊബൈല്‍ ഫോണും ബാഗും പൊലീസ് കണ്ടെത്തി. കേസിലെ മുഖ്യ സൂത്രധാരന്‍ മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്തപ്പോഴാണ് വസ്തുക്കള്‍ എവിടെ ഉണ്ടെന്നുളള വിവരം പൊലീസിന് ലഭിച്ചത്. എവിടെ നിന്നാണ് ഇവ കണ്ടെത്തിയതെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

റോസ്‌ലിയുടെ ബാഗും ഫോണും ബന്ധുക്കള്‍ സ്ഥിരീകരിച്ചതായാണ് വിവരം. അതേസമയം, കൊല്ലപ്പെട്ട പത്മയുടെ പാദസരത്തിനായി കുട്ടനാട് പള്ളിക്കൂട്ടുമ്മയില്‍ എസി കനാലില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെള്ളിപ്പാദസരം കുട്ടനാട്ടിലെ ജലാശയത്തില്‍ ഉപേക്ഷിച്ചെന്ന ഷാഫിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെരച്ചില്‍.