കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് പറയാനാകില്ല; നിര്‍ബന്ധിത മതപരിവര്‍ത്തവും നടക്കുന്നുണ്ട്: തുഷാര്‍ വെള്ളാപ്പള്ളി

കേരളത്തില്‍ ലൗ ജിഹാദില്ലെന്ന പറയാന്‍ കഴിയില്ലെന്ന് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ലവ് ജിഹാദ് അംഗീകരിയ്ക്കാനാകില്ല, ലൗ ജിഹാദ് ഉണ്ടെന്ന് ആദ്യം പറഞ്ഞത് എസ്എന്‍ഡിപിയാണ്. ചിലയിടങ്ങളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി എന്‍ആര്‍ സിറ്റിയില്‍ സംഘടിപ്പിച്ച ശ്രീനാരായണ ധര്‍മ്മ വിചാര യജ്ഞത്തിന്റെ ഉദ്ഘാടനത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി.

മതപരിവര്‍ത്തനം അടക്കമുള്ള പ്രശ്‌നങ്ങള്‍ ഒരു വിഭാഗത്തില്‍ പെട്ട ആളുകളുടെ ഇടയില്‍ മാത്രമല്ല നടക്കുന്നത്. ഓരോരുത്തരേയും അവരവരുടെ വിശ്വാസത്തിനസുരിച്ച് ജീവിക്കാനാണ് വിടേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപി യോഗത്തിനെതിരെ നിയമനടപടി തുടരുന്ന ഗോകുലം ഗോപാലനെ തുഷാര്‍ വിമര്‍ശിച്ചു. സാമ്പത്തിക ക്രമക്കേട് നടത്തിയ ആളുകളെ കൂട്ടുപിടിച്ചാണ് ഗോകുലം ഗോപാലന്‍ എസ്എന്‍ഡിപി യോഗത്തിനെതിരെ കേസിന് പോയിരിക്കുന്നത്. ഗുരുദേവന്റെ ശിഷ്യന്‍മാരുണ്ടാക്കിയ വിദ്യാഭ്യാസ സ്ഥാപനം പോലും സ്വന്തം പേരിലേക്ക് അടിച്ചുമാറ്റിയ ആളാണ് ഗോകുലം ഗോപാലന്‍ എന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് കോടഞ്ചേരിയിലെ ഡിവൈഎഫ്‌ഐ നേതാവിന്റെ മിശ്രവിവാഹം സംബന്ധിച്ച വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ലൗ ജിഹാദ് വീണ്ടും ചര്‍ച്ചാ വിഷയമായി മാറിയിരിക്കുന്നത്. തുടര്‍ന്ന് കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന ആരോപണത്തില്‍ കേരള സര്‍ക്കാരിനോട് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.