ജനഹിതമറിയാന്‍ തിരഞ്ഞെടുപ്പ് തോല്‍വി വേണ്ടി വന്നു; കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് കുറയ്ക്കാനൊരുങ്ങി സര്‍ക്കാര്‍

സംസ്ഥാനത്ത് കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് ഉയര്‍ത്തിയത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന വിലയിരുത്തലിന് പിന്നാലെ നടപടി പുനഃപരിശോധിക്കാന്‍ ആലോചന. ലോക്‌സഭ തിരഞ്ഞെടുപ്പിലെ തോല്‍വിയ്ക്ക് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങളും പ്രതിസന്ധികളും മറികടക്കാന്‍ വേണ്ടി ചര്‍ച്ച ചെയ്ത സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് പെര്‍മിറ്റ് ഫീസ് ഉയര്‍ത്തിയത് തിരിച്ചടിയായെന്ന് വിലയിരുത്തലുണ്ടായത്.

2023 ഏപ്രിലില്‍ ആയിരുന്നു കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. കെട്ടിട നിര്‍മ്മാണ അപേക്ഷ ഫീസ്, പെര്‍മിറ്റ് ഫീസ്, വന്‍കിട കെട്ടിടങ്ങള്‍ക്കുള്ള ലേഔട്ട് അംഗീകാരത്തിനുള്ള സ്‌ക്രൂട്ടിനി ഫീസ് എന്നിവയായിരുന്നു വര്‍ദ്ധിപ്പിച്ചത്. നിരക്ക് വര്‍ദ്ധന തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ പുനഃപരിശോധനയ്ക്ക് മുതിരുന്നത്. അപേക്ഷാ ഫീസ് 50 രൂപയില്‍ നിന്ന് 1000 രൂപയാക്കി വര്‍ദ്ധിപ്പിച്ചിരുന്നു. ഇത് കൂടാതെ പഞ്ചായത്തുകളില്‍ ചെറിയ വീടുകള്‍ക്ക് 525 രൂപയില്‍ നിന്ന് 7500 രൂപയാക്കി വര്‍ദ്ധിപ്പിച്ചിരുന്നു. വലിയ കെട്ടിടങ്ങള്‍ക്ക് 1750 രൂപയായിരുന്നത് വര്‍ദ്ധിപ്പിച്ച് 25000 രൂപയാക്കിയിരുന്നു.

സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന നിരക്ക് വര്‍ദ്ധന ജനങ്ങളില്‍ വലിയ അതൃപ്തിയ്ക്ക് ഇടയാക്കിയിട്ടുണ്ടെന്നായിരുന്നു സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ കണ്ടെത്തല്‍. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതോടെ നിരക്ക് കുറയ്ക്കാനുള്ള ആലോചനയിലാണ് തദ്ദേശ സ്വയം ഭരണ വകുപ്പ്. ഉടന്‍തന്നെ ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.