ചരിത്രമെഴുതി ജാമിത; രാജ്യത്താദ്യമായി മുസ്ലിം വനിത ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കി

ചരിത്രമെഴുതി ജാമിത. രാജ്യത്താദ്യമായി ഒരു മുസ്ലിം വനിത ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കി. ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി ജനറല്‍ സെക്രട്ടറി ജാമിതയാണ് മലപ്പുറം വണ്ടൂരില്‍ നടന്ന നമസ്‌കാരച്ചടങ്ങില്‍ ചരിത്രം കുറിച്ചത്. വെള്ളിയാഴ്ച നടക്കുന്ന ജുമുഅ നമസ്‌കാരങ്ങള്‍ക്ക് പുരുഷന്‍മാരാണ് നേതൃത്വം നല്‍കാറുള്ളത്.

എന്നാല്‍ ആ പതിവ് തെറ്റിച്ച് ഇവിടെ നമസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി ജനറല്‍ സെക്രട്ടറി ജാമിതയാണ്.പുരുഷന്‍മാര്‍ തന്നെ നേതൃത്വം നല്‍കണമെന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടില്ലെന്നാണ് ഖുറാന്‍ സുന്നത്ത് സൊസൈറ്റിയുടെ വാദം. നമസ്‌കാരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ ജാമിതക്ക് വധഭീഷണിയുണ്ടെന്നും അവര്‍ പറഞ്ഞു.

സ്ത്രീകള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നത് വരും ദിവസങ്ങളില്‍ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ജാമിത പറഞ്ഞു. അമേരിക്കയിലെ നവോത്ഥാന മുസ്ലീം വനിത നേതാവ് ആമിന വദൂദ് ആണ് ഇതിനുമുമ്പ് ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയ ആദ്യ വനിത.