ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു; ഓർമ്മയായത് സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി

ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു. 96 വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഇന്ത്യയുടെ പരമോന്നത നീതി പീഠത്തിലെ ആദ്യ വനിതയായിരുന്നു ഫാത്തിമ ബീവി. തമിഴ്നാട് ഗവര്‍ണർ, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.

1989 ഒക്ടോബർ 6-നാണ് ഫാത്തിമ ബീവി സുപ്രീംകോടതി ജഡ്ജിയായി നിയമനം നേടിയത്. 1992 ഏപ്രിൽ 29-ന് വിരമിച്ചു. പിന്നീട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായി. 1997 ജനുവരി 25 മുതല്‍ 2001 ജൂലൈ 3-വരെ തമിഴ്നാട് ഗവർണറായി പ്രവര്‍ത്തിച്ചു.

അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ജയലളിതയ്ക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നിരസിക്കപ്പെട്ടെങ്കിലും മുഖ്യമന്ത്രിയാകാൻ അനുവദിച്ചത് വിവാദമായി. പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം കണക്കിലെടുത്ത് ഗവർണറെ തിരിച്ചു വിളിക്കാൻ കേന്ദ്രം തീരുമാനിച്ചെങ്കിലും അതിന് മുൻപ് തന്നെ ഗവർണർ പദവി രാജി വയ്ക്കുകയായിരുന്നു.

1927 ഏപ്രിൽ 30-ന് പത്തനംതിട്ട ജില്ലയിൽ അണ്ണാവീട്ടിൽ മീര സാഹിബിന്‍റെയും ഖദീജ ബീവിയുടെയും മകളായിട്ടായിരുന്നു ജനനം.പത്തനംതിട്ട കത്തോലിക്കേറ്റ് സ്കൂളിൽ നിന്നും സ്കൂൾ പഠനം പൂർത്തിയാക്കി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബിരുദം നേടിയതിന് ശേഷം തിരുവനന്തപുരം ലോ കോളേജിൽ നിന്ന് നിയമ ബിരുദം നേടി. 1950 നവംബർ 14ന് അഭിഭാഷകയായി എൻറോൾ ചെയ്തു.

Read more

1958 ല്‍ സബോർഡിനേറ്റ് മുൻസിഫായി നിയമനം നേടി. 1968 ല്‍ സബോർഡിനേറ്റ് ജഡ്ജ് ആയി സ്ഥാനക്കയറ്റം നേടിയ ഫാത്തിമ ബീവി, 1972 –ല്‍ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റായി. 1974 –ല്‍ ജില്ലാ സെഷൻസ് ജഡ്ജിയായി. 1983 ഓഗസ്റ്റ് 4-ന് കേരള ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. പിന്നീട് 1989 ഒക്ടോബർ 6-നാണ് ഫാത്തിമ ബീവി സുപ്രീംകോടതി ജഡ്ജിയായി നിയമനം നേടിയത്. 1992 ഏപ്രിൽ 29-ന് വിരമിച്ചു