ബോബി ചെമ്മണ്ണൂരിനെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്; നടപടി സഹോദരന്റെ സ്വര്‍ണ വ്യാപാര സ്ഥാപനത്തിലെ തിരിമറിമറിയില്‍ ; സമന്‍സ് കൈപ്പറ്റിയിട്ടും ഹാജരാകായില്ല

സഹോദരന്റെ സ്വര്‍ണ വ്യാപാര സ്ഥാപനത്തില്‍ നടന്ന തിരിമറിമറിയില്‍ ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംങ് ഡയറക്ടറുമായ ബോബി ചെമ്മണ്ണൂരിനെതിരെ അറസ്റ്റ് വാറണ്ട്. പാലക്കാട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജനുവരി 10ന് ഹാജരാകുന്നതിനായി എന്‍. ബി. ഡബ്ല്യൂ (ജാമ്യമില്ല വാറണ്ട്) പുറപ്പെടുവിച്ചത്. കോടതി വിചാരണക്കായി സമന്‍സ് കൈപ്പറ്റിയിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് ബോബി ചെമ്മണ്ണൂരിനെതിരെ കോടതി നടപടി സ്വീകരിച്ചത്.

ബോബി ചെമ്മണ്ണൂരിന്റെ അനുജന്‍ സി.ഡി.ബോസിന്റെ ഉടമസ്ഥതയില്‍ പാലക്കാട് ജിബി റോഡിലുള്ള സ്വര്‍ണ്ണക്കടയിലെ രണ്ടു ജീവനക്കാര്‍ കമ്പ്യൂട്ടര്‍ തിരിമറിയിലൂടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നായിരുന്നു കേസിനാസ്പദമായ പരാതി. 2007 സെപ്റ്റംബറില്‍ ബോബി പാലക്കാട് ടൗണ്‍ പോലീസ് മുന്‍പാകെ രജിസ്റ്റര്‍ ചെയ്ത 244/07 നമ്പറായ പരാതിയില്‍ 2013ല്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ബോബിയുടെ അപേക്ഷയില്‍ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ പബ്ലിക്ക് പ്രോസിക്യൂട്ടറേയും നിയമിച്ചിരുന്നു.

സാധാരണ പൊതു താല്‍പ്പര്യ കേസുകളില്‍ മാത്രമേ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ സര്‍ക്കാര്‍ നിയമിക്കാറുള്ളൂ. എന്നാല്‍ ചെന്നിത്തലയുടെ കാലത്ത് സാധാരണ തട്ടിപ്പ് കേസിലും ബോബിക്കായി പബ്ലിക് പ്രോസിക്യൂട്ടറെത്തിയിരുന്നു. എന്നാല്‍ കേസ് നടത്തിപ്പില്‍ കാര്യമായ പുരോഗതിയില്ലാത്തതിനെ തുടര്‍ന്ന് കുറ്റാരോപിതരില്‍ ചിലര്‍ ഹൈക്കോടതി വഴി 2015 ഡിസംബര്‍ മാസത്തില്‍ മൂന്ന് മാസത്തിനകം കേസ് തീര്‍പ്പാക്കിക്കിട്ടുന്നതിന് ഉത്തരവ് നേടി.

കേസില്‍ തുടരന്വേഷണം വേണമെന്ന ഹര്‍ജി കീഴ്ക്കോടതി കേട്ടില്ലെന്ന വാദവുമായി ബോബിയും ഹൈക്കോടതിയെ സമീപിച്ച് കുറ്റാരോപിതര്‍ നേടിയ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു.തുടര്‍ന്ന് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം 2016ല്‍ സി.ജെ.എം കോടതിയെ തുടരന്വേഷണ പരാതി പരിഗണിക്കുകയും മേല്‍പരാതി കോടതി തള്ളുകയാണുണ്ടായത്. കേസ് മനപ്പൂര്‍വ്വം നീട്ടിക്കൊണ്ടു പോകാനും അതുവഴി കുറ്റാരോപിതരെ ബുദ്ധിമുട്ടിക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നുമുള്ള ഡിഫന്‍സ് വാദവും കോടതി ശരിവെക്കുകയായിരുന്നു. തുടര്‍ന്ന് ബോബി പാലക്കാട് സെഷന്‍സ് കോടതിയെ സമീപിച്ചുവെങ്കിലും സെഷന്‍സ് കോടതിയും കീഴ്ക്കോടതി ഉത്തരവ് ശരിവെവെച്ചിരുന്നു.

തുടര്‍ന്ന് സി.ജെ.എം കോടതി സാക്ഷി വിചാരണയ്ക്കായി ഒന്നാം സാക്ഷി ബോബിയോടും രണ്ടാം സാക്ഷി ഹരീഷിനോടും ഹാജരാവന്‍ ആവശ്യപെട്ട് സമന്‍സ് അയച്ചെങ്കിലും ബോബി സമന്‍സ് കൈപ്പറ്റിയിട്ടും ഹാജരാവാത്ത സാഹചര്യത്തിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. വളരെ അപൂര്‍വമായി മാത്രമേ സാക്ഷികള്‍ക്കെതിരെ വിചാരണക്കോടതികള്‍ വാറണ്ട് പുറപ്പെടുവിക്കാറുള്ളൂ.

ി