കളമശ്ശേരി സ്ഫോടനം കഴിഞ്ഞ് ഇന്ന് അഞ്ചു ദിവസങ്ങൾ പിന്നിടുമ്പോൾ അന്വേഷണങ്ങൾക്കും, കുറ്റകൃത്യത്തിന്റെ തീവ്രതയ്ക്കുമൊക്കെ അപ്പുറം കണ്ണീർ കഥകൾകൂടി പുറത്തുവരികയാണ്. അപ്രതീക്ഷിതമായി മരണം കൊണ്ടുപോയവരുടെ ഉറ്റവർ അനുഭവിക്കുന്ന വേദന ഇന്ന് ഓരോ നാട്ടുകാരെയും കണ്ണീരിലാഴ്ത്തുകയാണ്. അത്തരമൊരു വാർത്തായാണ് സ്ഫോടനത്തിൽ പരിക്കേറ്റ് മരിച്ച 12 വയസുകാരി ലിബ്നയുടേത്.
കളമശ്ശേരി സ്ഫോടനത്തിൽ മരിച്ച പന്ത്രണ്ട് വയസ്സുകാരി ലിബ്നയുടെ മൃതദേഹം ഇതുവരെ സംസ്കരിച്ചിട്ടില്ല. സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള ലിബ്നയുടെ അമ്മയ്ക്കും, സഹോദരനും അവസാനമായി ഒരു നോക്ക് കാണാനാണ് ആ കുഞ്ഞ് ശരീരം മോർച്ചറിയിലെ തണുപ്പിൽ കാത്തുകിടക്കുന്നത്.
മലയാറ്റൂർ നിലീശ്വരത്തെ വാടക വീട്ടിൽ നിന്നും കഴിഞ്ഞ ഞായറാഴ്ച ഇറങ്ങിയതാണ് ലിബ്നയും കുടുംബവും. ഇതുവരെ ആരും വീട്ടിലേക്ക് മടങ്ങിയിട്ടില്ല. സ്ഫോടനത്തിൽ ഒരു കുടുംബത്തിലെ നാലുപേരാണ് ഗുരുതരമായി പരിക്കേറ്റ് വീണത്. സ്ഫോടനം നടന്ന ദിവസം അർദ്ധരാത്രിയോടെയാണ് 12 വയസ്സുകാരി ലിബ്ന മരിച്ചത്. 95 ശതമാനം പൊള്ളലേറ്റ് മരിച്ച ലിബ്‌നയുടെ മൃതദേഹം അന്ന് മുതൽ കളമശ്ശേരി മെഡിക്കൽ കോളേജിലെ മോർച്ചറിയിലാണ്.
അമ്മ സാലിയും മൂത്ത സഹോദരൻ പ്രവീണും സ്വകാര്യ ആശുപത്രിയിലെ വെന്‍റിലേറ്ററിലാണ്. ഇളയ സഹോദരൻ രാഹുലും ചികിത്സയിലാണ്. ലിബ്ന മരണത്തിന് കീഴടങ്ങിയത്. ഇവരാരും അറിഞ്ഞിട്ടില്ല. അതിലും വലിയ വേദനയാണ് ലിബ്നയുടെ അച്ഛൻ പ്രദീപൻ. മകൾക്കടുത്ത് മോർച്ചറിയിലും സാലിക്കും മക്കൾക്കുമൊപ്പം ആശുപത്രിയിലും വേദനയോടെ കഴിയുന്ന പ്രദീപൻ ഒരു തീരാനോവാണ്. അച്ഛനും അമ്മയും ചേട്ടന്മാരും ഓമനിച്ച് വളർത്തിയ കുഞ്ഞാണ് അന്ത്യചുംബനം കാത്ത് മോർച്ചറിയിലെ തണുപ്പിൽ കിടക്കുന്നത്.
Read more
പാചകത്തൊഴിലാളിയായ പ്രദീപൻ ഞായറാഴ്ച ജോലിയുള്ളതിനാൽ കളമശ്ശേരിയിലേക്ക് പോയിരുന്നില്ല. മൂത്ത മകൻ പ്രവീണിന് ചെന്നൈയിൽ ജോലി കിട്ടിയതിന്‍റെ ആശ്വാസത്തിനിടെ ആണ് ദുരന്തം. പഠിക്കാൻ മിടുക്കിയായിരുന്നു ലിബ്ന. നിലീശ്വരം എസ് എൻ ഡി പി സ്കൂൾ ഏഴാം ക്ലാസിലെ ലീഡർ കൂടിയായിരുന്നു ആ കൊച്ചു മിടുക്കി. അതേ സമയം ഡിഎൻഎ പരിശോധനാ ഫലം കിട്ടാത്തതിനാൽ മരിച്ച പെരുമ്പാവൂർ സ്വദേശി ലെയോണ പൗലോസിന്‍റെ പോസ്റ്റുമോർട്ടവും നടത്തിയിട്ടില്ല. കത്തിക്കരിഞ്ഞ നിലയിലെത്തിയ മൃതദേഹം വിദേശത്ത് നിന്ന് എത്തിയ മകന്‍റെ ഡിഎൻഎ സംപിൾ പരിശോധനയ്ക്ക് അയച്ച് കാത്തിരിക്കുകയാണ് .