കളമശ്ശേരി സ്ഫോടനത്തിന് ഉപയോഗിച്ച റിമോട്ടുകള്‍ കണ്ടെടുത്തു, പ്രതി ഡൊമിനിക് മാർട്ടിനുമായി തെളിവെടുപ്പ് തുടരും

കളമശ്ശേരി സ്ഫോടന കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതി ഡൊമിനിക് മാർട്ടിനുമായി പൊലീസ് ഇന്നും തെളിവെടുപ്പ് നടത്തും. സ്ഫോടനത്തിന് ഉപയോഗിച്ച പെട്രോൾ വാങ്ങിയ പമ്പിലും തമ്മനത്തെ വീട്ടിലുമാണ് ഇനി തെളിവെടുക്കാനുള്ളത്. കഴിഞ്ഞ ദിവസം തൃശൂര്‍ കൊരട്ടിയിലെത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ സ്ഫോടനത്തിന് ഉപയോഗിച്ച റിമോട്ടുകള്‍ പൊലീസ് കണ്ടെടുത്തിരുന്നു.

കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനു മുൻപ് പരമാവധി തെളിവ് ശേഖരിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. സ്‌ഫോടനം നടന്ന സാംമ്ര കണ്‍വെന്‍ഷന്‍ സെന്ററിലെ തെളിവെടുപ്പ് നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. കോടതി അനുവദിച്ച മാർട്ടിന്റെ 10 ദിവസത്തെ കസ്റ്റഡി കാലാവധി ഈ മാസം 15 ന് അവസാനിക്കും. പതിനഞ്ച് വര്‍ഷത്തിലേറെ കാലം ദുബായില്‍ ജോലി ചെയ്ത ആളാണ് മാര്‍ട്ടിന്‍ അതുകൊണ്ടുതന്നെ പ്രതിയുടെ വിദേശ ബന്ധങ്ങൾ അന്വേഷിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു.

ഇതിന് വിശദമായി ചോദ്യം ചെയ്യണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസുമായി എല്ലാത്തരത്തിലും സഹകരിക്കുന്നുണ്ടെന്നും തനിക്ക് പൊലീസിനെതിരെ പരാതിയൊന്നുമില്ലെന്നും മാര്‍ട്ടിന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.കളമശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് പേരാണ് ഇതുവരെ മരിച്ചത്. സ്ഫോടനത്തില്‍ പരിക്കേറ്റ 18 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.