കല്ലടിക്കോട് സദാചാര ആക്രമണം: മൂന്ന് പേര്‍ക്കൂടി അറസ്റ്റില്‍

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ബസ് സ്റ്റോപ്പില്‍ ഒരുമിച്ച് ഇരുന്നതിന്റെ പേരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുനേരെയുണ്ടായ അക്രമത്തില്‍ മൂന്നു പേരെക്കൂടി കല്ലടിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. പനയംപാടം അങ്ങാടിക്കാട് സ്വദേശികളായ എ.എ. ഷമീര്‍, അക്ബറലി, എ.എ.ഷമീര്‍ എന്നിവരാണ് അറസ്റ്റിലായത്.

ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഇതോടെ, വിദ്യാര്‍ഥികളെ കയ്യേറ്റം ചെയ്തതിനും അസഭ്യം പറഞ്ഞതിനും ഇതുവരെ അഞ്ച് പേര്‍ അറസ്റ്റിലായി. സംഭവത്തില്‍ സിഡബ്ല്യുസി ജില്ലാ ശിശുസംരക്ഷണ ഓഫിസറോടും കല്ലടിക്കോട് പൊലീസിനോടും വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കും. ഒരുമിച്ചിരുന്നതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് മര്‍ദനമേറ്റ സംഭവം ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് സമിതി അധികൃതര്‍ പറഞ്ഞു.

Read more

മണ്ണാര്‍ക്കാട് കരിമ്പ എച്ച്.എസ്.എസിലെ വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദനമേറ്റത്. സ്‌കൂളിന് സമീപത്തെ ബസ് സ്റ്റോപ്പില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ചിരുന്നു എന്ന് ആരോപിച്ചായിരുന്നു മര്‍ദനം.