ആക്രമണം പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷം; ഡി.വൈ.എഫ്.ഐ പ്രവർത്തകർ തന്നെ ടാർഗെറ്റ് ചെയ്തിരുന്നുവെന്ന് കൊല്ലപ്പെട്ട മന്‍സൂറിന്‍റെ സഹോദരന്‍

പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷമാണ് ആക്രമണം ഉണ്ടായതെന്ന് കണ്ണൂരില്‍ കൊല്ലപ്പെട്ട മന്‍സൂറിന്‍റെ സഹോദരന്‍ മുഹ്സിന്‍. ഇരുപതംഗ ഡിവൈഎഫ്ഐ സംഘമാണ് ആക്രമിച്ചത്. തന്നെ മര്‍ദ്ദിക്കുന്നത് കണ്ടാണ് സഹോദരന്‍ ഓടിയെത്തിയതെന്നും അക്രമികളെ പരിചയമുണ്ടെന്നും മുഹ്സിന്‍ പറഞ്ഞു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മുഹ്സിന്‍ കോഴിക്കോട് ചികിത്സയിലാണ്.

ഡിവൈഎഫ്ഐ പ്രവർത്തകർ തന്നെ ടാർഗെറ്റ് ചെയ്തിരുന്നു. പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷമാണ് ആക്രമിച്ചത്. നിലവിളി ശബ്ദം കേട്ടപ്പോൾ നാട്ടുകാർ ഓടിയെത്തിയപ്പോൾ ആക്രമികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. അതിൽ ഒരാളെ താൻ പിടിച്ച് വെച്ചു. പിടികൂടിയാളെ വിട്ടുകിട്ടാൻ പ്രതികൾ ബോംബെറിയുകയായിരുന്നു. സംഘത്തിൽ ഉണ്ടായിരുന്നത് ഡിവൈഎഫ്ഐ നേതാക്കളും പ്രവർത്തകരാണെന്നും അക്രമികളെ എല്ലാവരെയും പരിചയമുണ്ടെന്നും മുഹസിൻ പറയുന്നു.

കൊലപ്പെട്ട മൻസൂറിൻ്റെ സഹോദരൻ മുഹ്സിൻ 150-ാം നമ്പർ ബൂത്തിലെ യുഡിഎഫ് ഏജൻ്റായിരുന്നു. ഇന്നലെ ഉച്ചയോടെ പോളിംഗിനിടെ മുക്കിൽപീടിക ഭാഗത്ത് ലീഗ്- സിപിഎം പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷമുണ്ടായിരുന്നു. സിപിഎം കേന്ദ്രങ്ങളിൽ മുസ്ലിം ലീഗ് പ്രവർത്തകർ ആളുകളെ ഓപ്പൺ വോട്ട് ചെയ്യിക്കാൻ എത്തിച്ചതിനെ സിപിഎം പ്രവർത്തകർ ചോദ്യം ചെയ്തതോടെയാണ് സംഘർഷം തുടങ്ങിയത്. പിന്നാലെ കടവത്തൂർ ഭാഗത്തെ 150,149 ബൂത്തുകളിൽ വലിയ തോതിലുള്ള വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി. പോളിംഗിനിടെ തന്നെ മുഹ്സിന് നേരെ ഭീഷണിയുണ്ടായിരുന്നു. വൈകിട്ട് പോളിംഗ് കഴിഞ്ഞ് മുഹ്സിൻ വീട്ടിലേക്ക് പോകുന്നതിനിടെ ഒളിച്ചിരുന്ന അക്രമിസംഘം ബോംബ് എറിഞ്ഞ ശേഷം വെട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

ഈ ആക്രമണത്തിനിടെ മുഹ്സിൻ്റെ സഹോദരനായ മൻസൂറിനും വെട്ടേൽക്കുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ മൻസൂറിനെ ആദ്യം തലശ്ശേരിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും അർദ്ധരാത്രിയോടെ മരിക്കുകയായിരുന്നു. ബോംബേറിൽ ഒരു സ്ത്രീക്കും പരിക്കേറ്റു.