കർണാലിലെ മഹാപഞ്ചായത്ത്: അനുമതി നിഷേധിച്ചെങ്കിലും മുന്നോട്ട് പോകാൻ കർഷകർ, അനുനയത്തിന് ഹരിയാന സർക്കാർ 

കർണാലിൽ കർഷകർ ആഹ്വാനം ചെയ്ത മഹാ പഞ്ചായത്തുമായി ബന്ധപ്പെട്ട് അനുനയ നീക്കവുമായി ഹരിയാന സർക്കാർ.  ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചെങ്കിലും കര്‍ണാലില്‍ മഹാപഞ്ചായത്തുമായി കര്‍ഷകര്‍ മുന്നോട്ട് പോകാനിരിക്കെയാണ് ജില്ലാ ഭരണകൂടം ചർച്ചയ്ക്ക് ക്ഷണിച്ചത്. കനത്ത പൊലീസ് വലയത്തിലുള്ള കര്‍ണാല്‍ ഉള്‍പ്പെടെ ആറ് ജില്ലകളില്‍ ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചു.

Read more

ഓഗസ്റ്റ് 28 ന് കര്‍ഷകര്‍ക്ക് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ മഹാപഞ്ചായത്ത്.  കര്‍ഷകരുടെ തലതല്ലിപ്പൊളിക്കാന്‍ ഉത്തരവിട്ട എസ്ഡിഎം ആയുഷ് സിന്‍ഹക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് സര്‍വീസില്‍ നിന്ന് പിരിച്ചു വിടണമെന്നാണ് കര്‍ഷകരുടെ പ്രധാന ആവശ്യം. സമരം സമാധാനപരമായിരിക്കണമെന്നും അനിഷ്ട സംഭവങ്ങൾ ഉണ്ടാകരുതെന്നും കർഷക നേതാക്കൾ അനുയായികളോട് ആഹ്വാനം ചെയ്തു.
ഹരിയാന, യുപി, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നെത്തിയ കര്‍ഷകരാണ് കര്‍ണാലില്‍ ഒത്തുകൂടിയിട്ടുള്ളത്. സ്ഥലത്ത് പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഒത്തുകൂടരുതെന്ന ജില്ലാ ഭരണകൂടത്തിന്‍റെ ആവശ്യം കര്‍ഷക സംഘടനകള്‍ തള്ളി.

ഹരിയാനക്ക് പിന്നാലെ സമീപ സംസ്ഥാനമായ രാജസ്ഥാനിലും കിസാൻ മഹാ പഞ്ചായത്ത് പ്രഖ്യാപിച്ചിരിക്കുകയാണ് കിസാൻ മോർച്ച. ഈ മാസം 15നാണ് ഇവിടെ മഹാ പഞ്ചായത്ത് നടത്തുക. ഛത്തീസ്ഗഡിലും സമരം നടത്തും. ഈ മാസം 29നാണ് മഹാ പഞ്ചായത്ത്. കർണാലിലെ മിനി സെക്രട്ടേറിയറ്റ് ഉപരോധത്തിനൊരുങ്ങിയിരിക്കുകയാണ് ഇപ്പോൾ കർഷക സംഘടനകൾ.