കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ജില്ലാ കമ്മിറ്റിയുടെ അറിവോടെ എന്നത് കുപ്രചാരണമെന്ന് എം. എം വര്‍ഗീസ്

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി കെ ചന്ദ്രന്റെ ആരോപണങ്ങളെ തള്ളി ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്. ക്രമക്കേട് നടന്നത് സിപിഎം ജില്ലാ കമ്മിറ്റിയുടെ അറിവോടെയാണെന്നത് കുപ്രചരണമാണ്. വന്‍ വെട്ടിപ്പാണ് കരിവന്നൂരില്‍ നടന്നത്. സി കെ ചന്ദ്രന് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വിഷയത്തില്‍ പാര്‍ട്ടിക്ക് ഒരു തരത്തിലും വീഴ്ച സംഭവിച്ചിട്ടില്ല. ബാങ്കില്‍ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചപ്പോള്‍ തന്നെ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. കുറ്റക്കാര്‍ക്കെതിരെ പാര്‍ട്ടി നടപടി എടുത്തുവെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും സി.കെ ചന്ദ്രന് അറിയാമായിരുന്നു.

തട്ടിപ്പിന്റെ വിവരങ്ങള്‍ അറിയിക്കാത്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. നിക്ഷേപത്തുക സിപിഎം അനുഭാവികള്‍ക്ക് മാത്രം നല്‍കുന്നുവെന്ന ആരോപണം തെറ്റാണ്. സഹകരണ മേഖലയെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപിയുടെ അജണ്ട കോണ്‍ഗ്രസ് ഏറ്റു പിടിച്ചുവെന്നും എം എം വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം കരുവന്നൂര്‍ തട്ടിപ്പില്‍ പങ്കില്ലെന്നാണ് മുന്‍ സെക്രട്ടേറിയറ്റ് അംഗം സി.കെ.ചന്ദ്രന്‍ പറഞ്ഞത്. താന്‍ തെറ്റ് ചെയ്തിട്ടില്ല. ഭരണസമിതിയാണ് എല്ലാത്തിനും ഉത്തരവാദി. ബാങ്ക് സെക്രട്ടറി സുനിലാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയത്. താന്‍ ലോണിനായി ആര്‍ക്കും ശുപാര്‍ശ നല്‍കിയില്ലെന്നും സി കെ ചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.