സുരേഷ് ഗോപിയുടെ സഹകാരി സംരക്ഷണ പദയാത്ര ഇന്ന്, കരുവന്നൂർ ബാങ്ക് മുതൽ തൃശൂർ വരെ നടക്കും; തട്ടിപ്പിന് ഇരയായവർ പങ്കെടുക്കും

സഹകരണ മേഖലയിലെ തട്ടിപ്പുകൾക്കെതിരെ സുരേഷ് ഗോപി നയിക്കുന്ന ബിജെപിയുടെ സഹകാരി സംരക്ഷണ പദയാത്ര ഇന്നു നടക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് കരുവന്നൂര്‍ സഹകരണ ബാങ്കിന് മുന്നില്‍ നിന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പദയാത്ര ഉദ്ഘാടനം ചെയ്യും. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരകളായ സഹകാരികളും ആത്മഹത്യ ചെയ്ത സഹകാരികളുടെ കുടുംബാംഗങ്ങളും പദയാത്രയ്ക്ക് ഐക്യദാർഢ്യമർപ്പിക്കും.

തട്ടിപ്പില്‍ മനം നൊന്ത് ആത്മത്യ ചെയ്തവരുടെയും പണം കിട്ടാതെ മരിച്ചവരുടെയും ചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാകും പദയാത്ര തുടങ്ങുക.കരുവന്നൂര്‍ ബാങ്ക് പരിസരത്ത് നിന്ന് ആരംഭിക്കുന്ന യാത്ര തൃശൂര്‍ സഹകരണ ബാങ്ക് പരിസരത്ത് സമാപിക്കും. 18 കിലോമീറ്റർ ദൂരമാണ് മാർച്ച് ചെയ്യുന്നത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

സഹകാരി അദാലത്തിൽ സഹകരണബാങ്കുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കും. തട്ടിപ്പ് നടന്ന എല്ലാ ബാങ്കിന്റെയും മുന്നില്‍ സഹകരണ അദാലത്ത് നടത്തും. പൊതുജനങ്ങള്‍ക്കും പരാതി നല്‍കാം. പരാതികളിൽ ഗൗരവമുള്ളവ കേന്ദ്രസഹകരണ മന്ത്രി അമിത് ഷായ്ക്ക് കൈമാറുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെകെ അനീഷ് കുമാര്‍ പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കരുവന്നൂർ വിവാദത്തെ പ്രചാരണ ആയുധമാക്കാനാണ് ബിജെപിയുടെ നീക്കം. നേരത്തെ കോണ്‍ഗ്രസും കരുവന്നൂരില്‍ നിന്നും പദയാത്ര സംഘടിപ്പിച്ചിരുന്നു.

Read more

അതേസമയം കരുവന്നൂർ ബാങ്കിലേക്ക് സഹകരണ ബാങ്കുകളിൽ നിന്നുള്ള നിക്ഷേപം ഉറപ്പാക്കാൻ നാളെയും മറ്റന്നാളുമായി നിർണ്ണായക ചർച്ചകളാണ് സർക്കാരിന്റെയും സിപിഎമ്മിന്റെയും നേതൃത്വത്തിൽ നടക്കുന്നത്. കേരള ബാങ്കിലെ കരുതൽ നിധിയിൽ നിന്ന് പണം എടുക്കുന്നതിനുള്ള കാലതാമസവും തടസങ്ങളും മറികടക്കാനും തിരക്കിട്ട കൂടിയാലോചനകൾ നടക്കുകയാണ്. നാളെ കൊച്ചിയിലാണ് കേരള ബാങ്ക് പ്രതിനിധികളുമായി സഹകരണ മന്ത്രി ചർച്ച നടത്തുന്നത്.