'മരിക്കാൻ അനുവദിക്കണം'; ഹൈക്കോടതിക്കും സർക്കാരിനും ദയാവധ അപേക്ഷ സമർപ്പിച്ച് കരുവന്നൂരിലെ നിക്ഷേപകൻ

ദയാവധം അനുവദിക്കണമെന്ന അപേക്ഷയുമായി ഹൈക്കോടതിയെയും സർക്കാരിനെയും സമീപിച്ച് കരുവന്നൂരിലെ നിക്ഷേപകൻ. ചികിത്സയ്ക്കും ജീവിതച്ചെലവിനും വഴിയില്ലാത്തതിനാൽ ജീവിക്കാൻ നിവർത്തിയില്ലാതെ മാപ്രാണം സ്വദേശി ജോഷിയാണ് ദയാവധത്തിനായി അപേക്ഷ നൽകിയത്.

കരുവന്നൂർ ബാങ്കിൽ ജോഷിക്കും കുടുംബാംഗങ്ങൾക്കും തൊണ്ണൂറ് ലക്ഷത്തിനടുത്ത് നിക്ഷേപമുണ്ടായിരുന്നു. കുറച്ചു പണം പലപ്പോഴായി കിട്ടി. ബാങ്കിൻറെ കണക്കിൽ എഴുപത് ലക്ഷത്തിലേറെ രൂപ ഇനിയും കിട്ടാനുണ്ട്. കുടുബത്തിന്റെ സമ്പാദ്യം മുഴുവൻ കറുവണ്ണൂരിൽ ആയിരുന്നുവെന്ന് ജോഷി പറയുന്നു.

രണ്ട് തവണ ട്യൂമർ ഉൾപ്പടെ 21 ശസ്ത്രക്രിയകൾക്ക് 20 വർഷത്തിനിടെ വിധേയനായിട്ടുള്ള ആളാണ് ജോഷി. ചികിത്സയ്ക്കും ജീവിത ചെലവിനുമായി തുക മുഴുവൻ വേണമെന്ന ജോഷിയുടെ അപേക്ഷ ബാങ്ക് തള്ളിക്കളഞ്ഞിരുന്നു. പണം ലഭിക്കാതെ വന്നപ്പോൾ പരാതി പലയിടത്തും കൊടുത്തെങ്കിലും ഫലമൊന്നുമുണ്ടായില്ല. കുടുംബത്തിലെ ചിലവും മക്കളുടെ വിദ്യാഭ്യാസവും ചികിത്സയും പ്രതിസന്ധിയിലാണ്. അപമാനവും പരിഹാസവും സഹിച്ചു തളർന്നെന്നും ജോഷി പറയുന്നു.

Read more

പണം ചോദിച്ചു ചെല്ലുമ്പോൾ സിപിഎം നേതാക്കൾ പുലഭ്യം പറയുന്നുവെന്നും ജോഷിയുടെ ദയാവധ അപേക്ഷയിൽ പറയുന്നു. തൊഴിലെടുത്തു ജീവിക്കാനുമാകുന്നില്ല. ഇനിയും യാചിച്ചിട്ട് കാര്യമില്ലാത്തതിനാൽ ഈ മാസം 30ന് ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകണമെന്നാണ് ജോഷിയുടെ അപേക്ഷ.