കാട്ടാക്കട അതിക്രമം: പ്രതികള്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

കാട്ടാക്കട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. മര്‍ദനമേറ്റ രേഷ്മയുടേയും അഖിലയുടേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസെടുത്തത്. നേരത്തെ പ്രതികള്‍ക്കെതിരെ നിസാരവകുപ്പുകളാണ് ചുമത്തിയിരുന്നത്. ഇത് വിവാദമായിരുന്നു.

സംഭവത്തില്‍ പൊതുജനങ്ങളോട് മാപ്പ് ചോദിച്ച് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ രംഗത്ത് വന്നിരുന്നു. കെഎസ്ആര്‍ടിസിയില്‍ ഇത്തരം ചില മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരുണ്ടെന്നും അവരാണ് ഈ സ്ഥാപനത്തിന്റെ നാശത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള കളകളെ പറിച്ചെറിയാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശമെന്നും ഇങ്ങനെയുള്ളവരെ സംരക്ഷിക്കുന്ന നടപടി ഒരിക്കലും മാനേജ്മെന്റിന്റെ ഭാഗത്തു നിന്ന് ഉണ്ടാവുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മര്‍ദനവുമായി ബന്ധപ്പെട്ട് നാല് കെഎസ്ആര്‍ടിസി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കെഎസ്ആര്‍ടിസി ആര്യനാട് യൂണിറ്റിലെ സ്റ്റേഷന്‍ മാസ്റ്റര്‍ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാര്‍ഡ് എസ്.ആര്‍. സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍. അനില്‍കുമാര്‍, അസിസ്റ്റന്റ് സി.പി. മിലന്‍ ഡോറിച്ച് എന്നിവരെയണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്തത്.

Read more

രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കോഴ്‌സ് സര്‍ട്ടിഫിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മകളുടെ മുന്നില്‍ വച്ച് അച്ഛനെ മര്‍ദ്ദിച്ചത്.