കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനെ കണ്ട് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റശേഷം കേന്ദ്രധനമന്ത്രിയുമായുള്ള ആദ്യകൂടിക്കാഴ്ചയില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ആവര്‍ത്തിച്ച് കത്തുനല്‍കിയെന്നും ബാലഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
കിഫ്ബിയും പെന്ഷന് കമ്പനിയും എടുത്ത കടത്തിന്റെ പേരില്‍ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കുറച്ചത് ഓരോ സാമ്പത്തിക വര്‍ഷത്തിലും 4710 കോടിയുടെ നഷ്ടമാണ് ഖജനാവിനുണ്ടാക്കുന്നത്. കടമെടുപ്പ് പരിധി കുറച്ച തീരുമാനം പിന്‍വലിക്കണം. ദേശീയപാത വികസനത്തിനായി കേരളം നല്കിയ 25 ശതമാനം പദ്ധതി തുക സംസ്ഥാനത്തിന് അനുവദിക്കണം.
24000 കോടിയുടെ പ്രത്യേക പാക്കേജ് വേണം, വിഴിഞ്ഞം തുറമുഖത്തിന് അയ്യായിരം കോടിയുടെ അടിയന്തര സഹായം, ധനകാര്യ കമീഷന് ശുപാര്‍ശയനുസരിച്ചുള്ള കേന്ദ്രവിഹിതവും മറ്റ് പദ്ധതികള്‍ക്കുള്ള തുകയും ഉടന്‍ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സംസ്ഥാനത്തിന്റെ തനത് വരുമാനം വര്‍ധിപ്പിച്ച് കടം ക്രമാതീതമായി കുറച്ചതും കേന്ദ്ര ധനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
കിഫ്ബിയുടെയും പെന്ഷന് കമ്പനിയുടെയും വായ്പകള്‍ക്ക് മുന്‍കൂര്‍ പ്രാബല്യം നല്കി, ഈ വര്‍ഷവും അടുത്ത വര്‍ഷവും കടമെടുപ്പ് പരിധിയില്‍നിന്ന് 4710 രുപ വീതം കുറയ്ക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും കേന്ദ്ര ധനകാര്യ മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്.
ദേശീതപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ 6000 കോടിയോളം രൂപ കേരളം നല്‍കിയിട്ടുണ്ട്. കേരളത്തില്‍നിന്ന് മാത്രമാണ് ഇത്തരത്തില്‍ ഒരു തുക നല്‍കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ഈ തുകയ്ക്കുകൂടി വായ്പാനുമതിയും ആവശ്യപ്പെട്ടു. വിഴിഞ്ഞം തുറമുഖം, കോഴിക്കോട്-വയനാട് തുരങ്കപാത എന്നിവ ഉള്‍പ്പെടെ പശ്ചാത്തല സൗകര്യങ്ങളുടെ വികസനത്തിന് പ്രത്യേക നിക്ഷേപ സഹായം ചോദിച്ചു. റെയില്‍വെ സംവിധാനങ്ങളുടെ നവീകരണത്തിലും വികസനത്തിലും കേരളത്തിന് ലഭിക്കേണ്ട മുന്‍ഗണനകളും ശ്രദ്ധയില്‍പ്പെടുത്തി.
Read more
ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനകാര്യ മന്ത്രി വിളിച്ചുചേര്‍ത്ത സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ യോഗത്തില്‍ കേരളം ആവശ്യപ്പെട്ട് 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജും ചര്‍ച്ചയുടെ ഭാഗമായി. ബ്രാന്‍ഡിങ്ങിന്റെയും മറ്റും പേര് പറഞ്ഞ് സംസ്ഥാനത്തിന് കേന്ദ്രാവിഷ്കൃത പദ്ധതി വിഹിതങ്ങള്‍ നിഷേധിക്കുന്ന പ്രശ്നവും ശ്രദ്ധയില്‍പ്പെടുത്തി. വായ്പാനുമതി കണക്കാക്കുന്ന രീതിയില്‍ മാറ്റം വേണമെന്ന ആവശ്യവും മുന്നോട്ടുവച്ചു. ഇക്കാര്യങ്ങളിലെല്ലാം സംസ്ഥാനത്തിന് അനുകൂലമായ നിലപാട് കേന്ദ്ര സര്‍ക്കാരില്‍നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് അദേഹം പറഞ്ഞു.