കളമശ്ശേരി സ്ഫോടനം; കുറ്റവാളി ഡൊമിനിക് മാർട്ടിൻ തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്

കളമശ്ശേരി സ്ഫോടനത്തിൽ കസ്റ്റഡിയിലുള്ള  ഡൊമിനിക് മാർട്ടിൻ തന്നെ പ്രതിയെന്ന് സ്ഥിരീകരിച്ച് പൊലീസ്.ബോംബ് വെച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍ നിന്നും ലഭിച്ചു. ഇന്‍റര്‍നെറ്റ് മുഖേനയാണ് ഇയാള്‍ ഐഇഡി സ്ഫോടനം പഠിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടെയെന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരുകയാണ്.

ഇയാള്‍ നല്‍കിയ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചശേഷമാണ് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ പ്രതി ഡൊമിനിക് മാര്‍ട്ടിനാണെന്ന് സ്ഥിരീകരിച്ചത്. ഡൊമിനിക് മാര്‍ട്ടിന്‍റെ വെളിപ്പെടുത്തല്‍ ശരിയാണെന്ന് പൊലീസ് അന്വേഷണത്തില്‍ ബോധ്യപ്പെടുകയായിരുന്നു. സ്ഫോടനം നടത്തിയത് യഹോവ സാക്ഷികളോടുള്ള എതിര്‍പ്പുമൂലമാണെന്നും 16 വര്‍ഷമായി യഹോവ സാക്ഷികളില്‍ അംഗമാണെന്നും ഡൊമിനിക് അവകാശപ്പെട്ടിരുന്നു.

ഇത് സമ്മതിക്കുന്ന വീഡിയോയും ഇയാൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.കീഴടങ്ങുന്നതിന് മുമ്പ് ഫേയ്സ്ബുക്ക് പേജിലിട്ട ലൈവിലാണ് സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഡൊമിനിക് മാര്‍ട്ടിന്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മൂന്നു മണിക്കൂര്‍ മുമ്പാണ് ഡൊമിനിക് മാര്‍ട്ടിന്‍ ഫേയ്സ്ബുക്കില്‍ ലൈവ് വീഡിയോ ചെയ്തിരിക്കുന്നത്.

Read more

നേരത്തെ സ്പോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡൊമനിക് മാർട്ടിൻ പൊലീസ് സ്റ്റേഷനിൽ‌ കീഴടങ്ങിയിരുന്നു.തൃശൂര്‍ കൊടകര പൊലീസ് സ്റ്റേഷനിലാണ് ഡൊമിനിക് മാര്‍ട്ടിന്‍ കീഴടങ്ങിയത്. ഇയാള്‍ കൊച്ചി തമ്മനം സ്വദേശിയാണ്. ഉച്ചയ്ക്ക് 1.30ന് കൊടകര പൊലീസ് സ്റ്റേഷനിലെത്തിയ ഇയാള്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് കീഴടങ്ങുകയായിരുന്നു.