പഠനം മാതൃഭാഷയിലാവണം, കഥകളിലും പാട്ടുകളിലും ലിംഗവിവേചനമരുത്, തുല്യത പഠിപ്പിക്കണം; പ്രീ സ്‌കൂൾ പാഠ്യ പദ്ധതിയിൽ മാറ്റങ്ങൾ വരുന്നു

പ്രീ സ്കൂൾ വിദ്യാഭ്യാസത്തിൽ അടിമുടി മാറ്റങ്ങൾ നിർദ്ദേശിച്ച് പുതിയ പാഠ്യപദ്ധതി ചട്ടക്കൂട്. ഒന്നാംക്ലാസ് പ്രവേശനത്തിന് മുൻപ് കൂടുതൽ കാര്യങ്ങൾ പഠിപ്പിക്കാനുള്ള ഇടമായി പ്രീസ്‌കൂളിനെ കാണരുത്. പ്രീ സ്‌കൂൾ പഠനം മാതൃഭാഷയിലാവണമെന്നും ചട്ടക്കൂടിന്റെ കരടിൽ നിർദേശിക്കുന്നു. കുഞ്ഞുങ്ങൾക്ക് ആത്മവിശ്വാസത്തോടെ ആശയവിനിമയം നടത്താനാവുന്നത് മാതൃഭാഷയിലാണ്. മാതൃഭാഷയോടുള്ള അവഗണന മനുഷ്യാവകാശ നിഷേധമാണെന്നും പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരടിൽ പറയുന്നു.

പ്രീ സ്‌കൂളിൽ കുട്ടികൾക്ക് റാങ്കിംഗ് പാടില്ല. പാഠ്യപദ്ധതിയിലെ കഥകളിലും പാട്ടുകളിലും ലിംഗവിവേചനം ഉണ്ടാവരുത്. പാചകവും ശുചീകരണവും പെൺകുട്ടികളുടെ ചുമതലയാണെന്ന സന്ദേശം നൽകുന്ന ചിത്രങ്ങളും കഥകളും പാട്ടുകളും പാഠ്യപദ്ധതിയിലുണ്ടാവരുത്. ജെൻഡർ ഓഡിറ്റിന് വിധേയമാക്കി മാത്രമേ പാഠപുസ്തകങ്ങളും പഠനസാമഗ്രികളും പ്രസിദ്ധീകരിക്കാവൂ. അദ്ധ്യാപകരുടെ പെരുമാറ്റവും ജെൻഡർ നൂട്രലാവണം.

പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽനിന്നുമുള്ള കുഞ്ഞുങ്ങളെ ചേർത്തുനിർത്താൻ കഴിയണമെന്നും കരടിൽ പറയുന്നു. എല്ലാത്തരം ചുറ്റുപാടിൽനിന്നും വരുന്ന കുട്ടികളെയും ഒന്നായി തന്നെ സ്വീകരിക്കണം. മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്നവർ, അതിഥി തൊഴിലാളികളുടെ മക്കൾ, ഗോത്രവർഗ്ഗങ്ങളിലെ കുട്ടികൾ, ഭാഷാ ന്യൂനപക്ഷങ്ങൾ തുടങ്ങി പാർശ്വവൽക്കരിക്കപ്പെടുന്ന എല്ലാ മേഖലകളിൽ നിന്നുള്ള കുഞ്ഞുങ്ങൾക്കും വിദ്യാഭ്യാസം ഉറപ്പാക്കണം.

കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ച് കളിരീതിയിലൂടെ പഠനം മുന്നോട്ടുകൊണ്ടുപോകാം. വീട്ടിലും സ്‌കൂളിലും കുട്ടികൾക്ക് സ്‌ക്രീൻനോട്ട സമയം നിശ്ചയിക്കുകയും ഇവ പരിധി കടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. തൊഴിലിനു പോകുന്ന രക്ഷകർത്താക്കളാണ് ഭൂരിഭാഗവും എന്നതിനാൽ കുട്ടികളുടെ സംരക്ഷണകേന്ദ്രം കൂടിയാകണം പ്രീ സ്കൂളുകളെന്നും നിർദ്ദേശിക്കുന്നു.

അധ്യാപകരുടെയും ആയമാരുടെയും പ്രവർത്തനം സംബന്ധിച്ചും കരടിൽ നിർദേശമുണ്ട്. എല്ലാ പ്രീ സ്കൂൾ ജീവനക്കാർക്കും സേവനകാല പരിശീലനം നൽകിയിരിക്കണം. തദ്ദേശ സ്വയംഭരണം, ആരോഗ്യം, പൊതുവിദ്യാഭ്യാസം, വനിതാ ശിശുവികസനം, എസ്സി-എസ്ടി വികസനം തുടങ്ങിയ വിവിധ വകുപ്പുകൾ ചേർന്നാകണം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതെന്നും പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരടിൽ നിർദേശിക്കുന്നു.

പാ​ഠ്യ​പ​ദ്ധ​തി​ ​പ​രി​ഷ്‌​ക​ര​ണ​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യു​ള്ള​ ​പാ​ഠ്യ​പ​ദ്ധ​തി​ ​ച​ട്ട​ക്കൂ​ട് ​(​ക​ര​ട്)​​​ ​മ​ന്ത്രി​ ​വി ​ശി​വ​ൻ​കു​ട്ടി​ ​മു​ൻ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​വിപി​ ​ജോ​യി​ക്ക് ​ന​ൽ​കി​ ​പ്ര​കാ​ശ​നം​ ​ചെ​യ്തു.​ ​പ്രീ​സ്‌​കൂ​ൾ​ ​വി​ദ്യാ​ഭ്യാ​സം,​ ​മു​തി​ർ​ന്ന​വ​രു​ടെ​ ​വി​ദ്യാ​ഭ്യാസം​ ​തു​ട​ർ​ വി​ദ്യാ​ഭ്യാസം​ ​മേ​ഖ​ല​ക​ളി​ൽ​ ​സം​സ്ഥാ​ന​ത്ത് ​ആ​ദ്യ​മാ​യാ​ണ് ​പാഠ്യ​പ​ദ്ധ​തി​ ​ച​ട്ട​ക്കൂ​ടു​ക​ൾ​ ​വി​ക​സി​പ്പി​ച്ച​ത്.