കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും; പഠനത്തോടൊപ്പം ജോലിയും നൈപുണ്യവും മെച്ചപ്പെടുത്തും; ഉറപ്പു നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍

കാലഘട്ടത്തിനനുസരിച്ചുള്ള നവീകരണത്തിലൂടെ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലുള്ള ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായാണ് നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ക്ക് തുടക്കം കുറിച്ചത്. പഠനത്തോടൊപ്പം ജോലിയും നൈപുണ്യവും മെച്ചപ്പെടുത്തുന്നതിനൊപ്പം അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകള്‍ തെരഞ്ഞടുക്കാനും വിദ്യാര്‍ത്ഥിക്ക് സാധിക്കുന്നു. കേരളത്തില്‍ ഉന്നത വിദ്യാഭ്യാസത്തിനായി വിവിധ സര്‍വകലാശാലകളില്‍ ആയിരക്കണക്കിന് വിദേശ വിദ്യാര്‍ത്ഥികള്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്.

ഇതോടൊപ്പം വ്യവസായ, തൊഴില്‍ സൗഹൃദ അന്തരീക്ഷം മെച്ചപ്പെട്ട സംസ്ഥാനമായും കേരളം മാറി. ആദ്യ ജന്‍ എ ഐ കോണ്‍ക്ലേവ് സംസ്ഥാന സര്‍ക്കാര്‍ ഐ ബി എമ്മുമായി സഹകരിച്ച് സംഘടിപ്പിച്ചു. ടോറസ്, മഹീന്ദ്ര, എയര്‍ ബസ് തുടങ്ങിയ വിവിധ കമ്പനികള്‍ കേരളത്തില്‍ നിക്ഷേപത്തിന് സന്നദ്ധരായത് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും. നൂതന സംരംഭങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനായി സമഗ്ര സ്റ്റാര്‍ട്ടപ്പ് നയത്തിലൂടെ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ എന്ന ലക്ഷ്യം നേടും.

കേരളത്തിന്റെ മികച്ച കലാലയങ്ങളിലൊന്നായ എന്‍ ഐ ആര്‍ എഫ് റാങ്കിങ്ങിലുള്ള തിരുവനന്തപുരം ഗവ. ആര്‍ട്സ് കോളേജ് ഇത്തരം അക്കാദമിക നവീകരണത്തിനായ് ശ്രമിക്കുകയാണ്. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ സംഘടിപ്പിക്കാന്‍ കഴിയണം. മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്‍, മുന്‍ എം പി ആനി മസ്‌ക്രീന്‍, സാഹിത്യകാരന്മാരായ ചങ്ങമ്പുഴ കൃഷ്ണപിള്ള, എന്‍ കൃഷ്ണപിള്ള, അതുല്യ നടന്‍ മധു, ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ ഉള്‍പ്പെടെ നിരവധി പ്രതിഭകളെ സൃഷ്ടിച്ച കലാലയമാണ് തിരുവനന്തപുരം ആര്‍ട്സ് കോളേജ്.

1924 ജൂലൈ 4 നാണ് കലാലയം ആരംഭിക്കുന്നത്. തിരുവിതാംകൂറിലെ ഹിസ് ഹൈനെസ്സ് മഹാരാജാസ് കോളേജില്‍ നിന്നും ആര്‍ട്‌സ് വിഭാഗം വിഷയങ്ങള്‍ വേര്‍പെട്ടു, ഹിസ് ഹൈനെസ്സ് മഹാരാജാസ് കോളേജ് ഓഫ് ആര്‍ട്‌സ് എന്ന പേരില്‍ ഒരു പുതിയ കലാലയമായാണ് ഈ കോളേജ് ആരംഭിക്കുന്നത്. 1937ല്‍ തിരുവിതാംകൂര്‍ സര്‍വകലാശാല ആരംഭിച്ചപ്പോള്‍ ഈ കോളേജ് സര്‍വകലാശാലയുടെ അക്കാദമിക് ഡിപ്പാര്‍ട്മെന്റായി മാറുകയും ഭരണ ചുമതല സര്‍വ്വകലാശാലക്കാവുകയും ചെയ്തു.

1942ല്‍ ഈ കോളേജിലുണ്ടായിരുന്ന ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ യൂണിവേഴ്‌സിറ്റി കോളേജ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട ഹിസ് ഹൈനെസ്സ് മഹാരാജാസ് കോളേജ് ഓഫ് സയന്‍സിലേക്കു മാറ്റി. 1948ല്‍ ഈ കോളേജ് ഇന്റര്‍മീഡിയറ്റ് കോളേജ് എന്ന് പുനര്‍മകരണം ചെയ്യപ്പെട്ടു. കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷം കലാലയം കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലായി. തുടര്‍ന്ന് തിരുവനന്തപുരം ഗവണ്മെന്റ് ആര്‍ട്സ് കോളേജ് പ്രീഡിഗ്രി കോഴ്സുകള്‍ പഠിപ്പിക്കുന്ന സെക്കന്‍ഡ് ഗ്രേഡ് കോളേജ് ആയും 1971ല്‍ ഫസ്റ്റ് ഗ്രേഡ് കോളേജ് ആയും ഉയര്‍ത്തപ്പെട്ടു. പ്രീഡിഗ്രിക്കു പുറമെ ഇക്കണോമിക്സ്, കോമേഴ്സ് വിഷയങ്ങളില്‍ ബിരുദവും നല്‍കുന്ന കോളേജായി മാറി.

തുടര്‍ന്ന് വിവിധ ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ ഉള്‍പ്പെടെ ലഭ്യമായ കലാലയമായി മാറി. ഇന്ന് അതിനൂതനമായ വിവിധ കോഴ്സുകളും പ്രഗല്‍ഭരായ അധ്യാപകരുമുള്‍പ്പെടുന്ന ആര്‍ട്സ് കോളേജ് അക്കാദമിക കലാ, കായികനേട്ടങ്ങളിലും മികച്ച മാതൃക സൃഷ്ടിക്കുന്നു. കേരളത്തെ വിജ്ഞാനാധിഷ്ഠിത നൂതനത്വ സമൂഹമായി മാറ്റുന്നതിന് ഒന്നിച്ചണിനിരക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.