'നിലവിളി കേട്ട് ഓടി വന്നപ്പോള്‍ റൈറ്റര്‍ ചോരയൊലിപ്പിച്ച് നില്‍ക്കുന്നു'; കിളികൊല്ലൂര്‍ മര്‍ദ്ദനത്തെ ന്യായീകരിച്ച് എസ്‌.ഐ, വോയിസ് ക്ലിപ്പ് പുറത്ത്

കിളികൊല്ലൂര്‍ സ്റ്റേഷന്‍ മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ക്ക് പിന്നാലെ സസ്‌പെന്‍ഷനിലായ എസ്‌ഐ അനീഷിന്റേതെന്ന് പറയുന്ന വോയിസ് ക്ലിപ്പ് പുറത്തുവന്നു. പൊലീസിനെ മര്‍ദിച്ചവര്‍ രക്ഷപ്പെടാതിരിക്കാന്‍ മാത്രമാണ് ശ്രമിച്ചതെന്നും സംഭവസമയത്ത് താനും സിഐയും സ്റ്റേഷനില്‍ ഉണ്ടായിരുന്നില്ലെന്നും നിലവിളി കേട്ട് ഓടി വന്നപ്പോള്‍ റൈറ്റര്‍ ചോരയൊലിപ്പിച്ച് നില്‍ക്കുന്നതാണ് കണ്ടതെന്നുമാണ് അനീഷിന്റെ വിശദീകരണം.

എസ്‌ഐ അനീഷ് പറയുന്നത്

‘പ്രിയമുള്ള സുഹൃത്തുക്കളെ ഞാന്‍ അനീഷാണ്. കിളികൊല്ലൂര്‍ സ്റ്റേഷനിലെ എസ് ഐ ആണ്. നിലവില്‍ എനിക്കെതിരെയും സിഐക്കെതിരേയുമാണ് വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ക്കെല്ലാം അറിയുമായിരിക്കും. പക്ഷെ, അതിലെ വസ്തുതകള്‍ ഞാന്‍ ചുരുക്കി പറയാം. പൊലീസ് സ്റ്റേഷനിലെ റൈറ്ററെ സ്റ്റേഷന് അകത്ത് കയറി തലയിടിച്ച് പൊട്ടിച്ച, മൂക്കിന്റെ പാലം പൊട്ടിച്ച പ്രതിയെ 326, 333 വകുപ്പുകള്‍ ചുമത്തി ഞാന്‍ അറസ്റ്റ് ചെയ്യാന്‍ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി എന്നതാണ് ഇപ്പോള്‍ എനിക്കെതിരെ മുഖ്യധാര വാര്‍ത്തകളായിട്ട് വന്നിരിക്കുന്നത്.

അതിന്റെ നിജസ്ഥിതി മനസിലാക്കാന്‍ വേണ്ടിയിട്ടാണ്, ഒരു കാര്യം കൂടി പറയാം, ഞാനും സിഐ അദ്ദേഹവും ഈ സംഭവം നടക്കുന്ന സമയത്ത് അവിടെ ഇല്ല. ഞങ്ങള്‍ നിലവിളി കേട്ട് അപ്പുറത്തെ കെട്ടിടത്തില്‍ നിന്ന് ഓടി വരുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ചോരയൊലിപ്പിച്ച് നില്‍ക്കുന്ന രംഗമാണ് കണ്ടത്. അങ്ങനെ ഈ പ്രതികള്‍ രണ്ടുപേരും രക്ഷപ്പെടാന്‍ സാധ്യതയുള്ളതുകൊണ്ട്, ഒരുത്തന്‍ മിലിട്ടറിക്കാരനും വിഘ്നേഷ് എന്ന് പറയുന്നവനും, അവരെ ശക്തമായ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയില്ലായിരുന്നെങ്കില്‍ മൂന്ന് വനിതാ പൊലീസുകാര്‍ ആയിരുന്നു ജിഡി ചാര്‍ജിന്റെ സമീപം ഉണ്ടായിരുന്നത്.

അവര്‍ (വിഘ്നേഷും സൈനികന്‍ വിഷ്ണുവും) രക്ഷപ്പെട്ടുപോകാനുള്ള സാധ്യതയുണ്ടായിരുന്നു. ഞാന്‍ എന്റെ കഴിവും ഇതും ഉപയോഗിച്ച് പിടിച്ചു. അതാണ് ഇവിടുത്തെ വാര്‍ത്ത. പ്രിയമുള്ളവരെല്ലാം സത്യസന്ധമായ വാര്‍ത്ത മനസിലാക്കുക.’

Read more

സ്റ്റേഷനില്‍ സൈനികനായ വിഷ്ണുവിനെ എഎസ്‌ഐ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ സേനക്കുള്ളില്‍ തന്നെ ഭിന്നതയെന്നാണ് വിവരങ്ങള്‍. എഎസ്‌ഐ പ്രകാശ് ചന്ദ്രനെ മാത്രം കുറ്റക്കാരനാക്കി സിഐ അടക്കമുള്ള മറ്റ് പൊലീസുകാരെ സംരക്ഷിക്കാന്‍ വേണ്ടി ഉന്നത ഉദ്യോഗസ്ഥരാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്നാണ് ഒരു വിഭാഗം പൊലീസുകാരുടെ ആരോപണം.