മനുഷ്യ മഹാശൃംഖലയിൽ പങ്കെടുത്തതിൽ തെറ്റൊന്നുമില്ല, മുസ്ലിം ജനപക്ഷത്ത് നിൽക്കുന്ന ഏത് സമരത്തിനും പിന്തുണ നൽകും; നിലപാട് വ്യക്തമാക്കി കെ. എം ബഷീര്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇടത് മുന്നണി സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയിൽ പങ്കെടുത്തതിൽ തെറ്റൊന്നുമില്ലെന്ന് മുസ്ലിം ലീഗ് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റ്  കെ എം ബഷീര്‍. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളിൽ ഇനിയും പങ്കെടുക്കുമെന്നും ഒരടി പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി തീരുമാനത്തിനെതിരായി മഹാശൃംഖലയിൽ പങ്കെടുത്തതിന് തന്നെ പുറത്താക്കിയ ലീഗ് നടപടിക്കെതിരെയാണ് ബഷീറിന്റെ മറുപടി. ഇന്നല്ലെങ്കിൽ നാളെ എല്ലാവരും യോജിക്കേണ്ടി വരുമെന്ന് മുസ്ലിം ലീഗ്  ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റ്  പ്രതികരിച്ചു.

പാര്‍ട്ടി തീരുമാനം ലംഘിച്ച ലീഗ് അണികൾക്കെതിരെ ക്ഷമിക്കാനാകില്ലെന്ന സന്ദേശവുമായി മുസ്ലിം ലീഗ് മുന്നോട്ട് പോകുന്നതിനിടെയാണ് കെഎം ബഷീര്‍ നിലപാട് വ്യക്തമാക്കുന്നത് എന്നതും ശ്രദ്ധേയമാണ്. രാഷ്ട്രീയത്തിന്‍റെ ബാലപാഠം അറിയുന്നവര്‍ക്ക് പോലും അറിയാം . ഒറ്റപ്പെട്ട് പോയാൽ സമരം ദുര്‍ബലമാകും. ലോകം മുഴുവൻ ശ്രദ്ധിക്കുന്ന പ്രതിഷേധമാണ്. സിപിഎം എന്ന് മാത്രമല്ല മുസ്ലിം ജനപക്ഷത്ത് നിൽക്കുന്ന ഏത് സമരത്തിനും പിന്തുണ നൽകുമെന്ന് കെഎം ബഷീര്‍ പറഞ്ഞു.

Read more

പാര്‍ട്ടി നടപടിയെ കുറിച്ചു ഇതുവരെ ഔദ്യോഗിക അറിയിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും കെഎം ബഷീര്‍ പറഞ്ഞു. മാധ്യമങ്ങളിൽ പാർട്ടിയെ ഇകഴ്ത്തി സംസാരിച്ചു എന്ന ആരോപണം തെറ്റാണ്. പിണറായി വിജയന് പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങളുടെ നേതൃത്വമാകാൻ കഴിഞ്ഞിട്ടുണ്ട് എന്ന അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നു. കൂട്ടായ പോരാട്ടം വേണമെന്ന അഭിപ്രായത്തോട് എ കെ ആന്‍റണിക്ക് വരെ യോജിപ്പാണ് . പാർട്ടിയിൽ നിന്ന് പുറത്താക്കിയാലും മുസ്‌ലിം ലീഗുകാരൻ തന്നെയായി തുടരുമെന്നും കെഎം ബഷീര്‍ പ്രതികരിച്ചു.