കെ.എം ബഷീറിന്റെ കൊലപാതകം: സി.ബി.ഐ അന്വേഷണം വേണമെന്ന് കുടുംബം ഹൈക്കോടതിയില്‍

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. നിലവില്‍ നടക്കുന്ന അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ബഷീറിന്റെ സഹോദരനാണ് ഹൈക്കോടതിയെ സമീപിച്ചത്.

ബഷീറിന്റെ കൈയില്‍ നിന്ന് നഷ്ടമായ ഫോണ്‍ കണ്ടെത്താത്തതില്‍ ദുരൂഹത ഉണ്ട്. പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഉന്നത സ്വാധീനമുള്ള ഐഎഎസ് ഉദ്യോഗസ്ഥനായതിനാല്‍ സിബിഐ തന്നെ കേസ് അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

പൊലീസ് പ്രതിയെ സഹായിക്കുകയാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിട്ടും നടപടിയുണ്ടായില്ലെന്നും സഹോദരന്‍ ഹര്‍ജിയില്‍ പറയുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അത് നീക്കണമെന്നും ഹരജിയില്‍ പറയുന്നു. പ്രോസിക്യൂഷനും പ്രതിക്ക് അനുകൂലമായ നടപടി സ്വീകരിക്കുന്നതിനാല്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നു.

Read more

ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചത് വന്‍ വിവാദമായിരുന്നു. ജില്ല മജിസ്‌ട്രേറ്റിന്റെ കൂടി ചുമതലയുള്ള കലക്ടര്‍ പദവിയില്‍ നിയമിച്ചതിന് എതിരെയായിരുന്നു വിവാദം. നിലവില്‍ ഭക്ഷ്യ വകുപ്പില്‍ സിവില്‍ സപ്ലൈസില്‍ ജനറല്‍ മാനേജരാണ് ശ്രീറാം വെങ്കിട്ടരാമന്‍.