പതിറ്റാണ്ടുകളായി കെട്ടിക്കിടക്കുന്ന ദ്രവമാലിന്യത്തിൽ നിന്ന് കോടികളുടെ വരുമാന മാർഗം കണ്ടെത്തിയ ചവറ കെഎംഎംഎൽ ആണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ദ്രവമാലിന്യമായി കെട്ടിക്കിടുന്ന അയൺ ഓക്സൈഡിൽ നിന്ന് ഇരുമ്പ് വേർതിരിക്കാനുള്ള സാങ്കേതിക വിദ്യയാണ് ഈ പ്രശസ്തിക്ക് കാരണമായത്.
ചരൽ രൂപത്തിലുള്ള അയൺ സിന്റർ ആണ് അയൺ ഓക്സൈഡ് സംസ്‌കരിച്ച് ഉൽപ്പാദിപ്പിച്ചെടുക്കുന്നത്. ടി.എം.ടി കമ്പി നിർമ്മാണത്തിൽ ഇരുമ്പയിരിന് പകരം അയൺ സിന്റർ ഉപയോഗിക്കാം. ഇത് വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുന്നതിലൂടെ മാസം ഒരു കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
ആസിഡ് സ്വഭാവമുള്ള അയൺ ഓക്സൈഡ് സൃഷ്‌ടിക്കുന്ന പരിസ്ഥിതി മലിനീകരണത്തിന് പരിഹാരമാവുമെന്നതാണ് ഏറ്റവും വലിയ നേട്ടം.ഉപയോഗപ്രദമായ ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത് കെ.എം.എം.എല്ലിന്റെ റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് വിഭാഗമാണ്. ഇപ്പോൾ പേറ്റന്റിന് അപേക്ഷിച്ചിരിക്കുകയാണ്
ഫാക്ടറി പരിസരത്തെ വലിയ കുളങ്ങളിലായി മൂന്ന് ലക്ഷം ടൺ അയൺ ഓക്സൈഡാണ് കെട്ടിക്കിടക്കുന്നത്. ഇത് സംസ്‌കരിച്ചാൽ തന്നെ ഇപ്പോഴത്തെ മാർക്കറ്റ് നിരക്കിൽ ഏകദേശം 200 കോടി രൂപയുടെ അയൺ സിന്റർ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.
നിലവിലുള്ള പ്ലാന്റിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിച്ച അഞ്ച് ടൺ ഇരുമ്പ് സിന്റർ ടി.എം.ടി കമ്പി നിർമ്മിക്കുന്ന കള്ളിയത്ത് ടി.എം.ടി കമ്പനിക്ക് കഴിഞ്ഞ ദിവസം കൈമാറി. വാണിജ്യ ഉൽപ്പാദനത്തിന് വൈകാതെ പ്രത്യേക പ്ലാന്റ് നിർമ്മിക്കും.
ദ്രാവകരൂപത്തിലുള്ള അയൺ ഓക്സൈഡ് ടൈറ്റാനിയം ഡയോക്സൈഡ് നിർമ്മാണത്തിന്റെ ഉപോൽപ്പന്നമാണ്. കെ.എം.എം.എല്ലിൽ ദിവസം 50 ടൺ അയൺ ഓക്സൈഡാണ് മാലിന്യമായി പുറത്തുവരുന്നുന്നത്.
Read more
ഇത് സംസ്‌കരിച്ചാൽ 15 ടൺ ഇരുമ്പ് സിന്റർ ലഭിക്കും. ഒരു ടൺ ഇരുമ്പ് സിന്ററിന് ഏകദേശം 20,000 രൂപ വിലയുണ്ട്. മാസം 450 ടൺ സിന്റർ കിട്ടും. ഒരുകോടിയോളം രൂപ അധിക വരുമാനം കണ്ടെത്താനാകും.