രാജ്ഭവന് 75 ലക്ഷം രൂപ അനുവദിച്ചത് അനുനയമല്ല: കെ.എന്‍ ബാലഗോപാല്‍

രാജ്ഭവന് ഇ ഓഫീസ് ഒരുക്കാന്‍ 75 ലക്ഷം നല്‍കിയത് അനുനയമല്ലെന്ന് വിശദീകരിച്ച് ധന മന്ത്രി ബാലഗോപാല്‍.മന്ത്രി ബാലഗോപാലിലുള്ള പ്രീതി നഷ്ടമായെന്ന്   ഗവര്‍ണര്‍ മുഖ്യമന്ത്രിയെ അറിയിച്ചതിന് പിന്നാലെ, രാജ്ഭവന് സംസ്ഥാന സര്‍ക്കാര്‍ 75 ലക്ഷം രൂപ അനുവദിച്ച നടപടി വാര്‍ത്ത ആയിരുന്നു.

രാജ്ഭവന് ഇ ഓഫീസ് ഒരുക്കാനായി തുക അനുവദിച്ചത് സ്വാഭാവിക നടപടി മാത്രമാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വിശദീകരിച്ചു. ഗവര്‍ണറുടെ വസതിയും ഓഫീസ് സംവിധാനവും സ്ഥിതിചെയ്യുന്ന രാജ്ഭവനില്‍ കേന്ദ്രീകൃത നെറ്റ് വര്‍ക്കിംഗും ഇ ഓഫീസും സജ്ജീകരിക്കാനാണ് പണം അനുവദിച്ചത്.

നേരത്തേ ഗവര്‍ണര്‍ക്കു പുതിയ ബെന്‍സ് കാര്‍ വാങ്ങാന്‍ ധനവകുപ്പ് പണം അനുവദിച്ചിരുന്നു.ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് രൂക്ഷമായി തുടരുന്നതിനിടെയുള്ള അനുനയനീക്കമാണ് ഈ ഓഫീസിനുള്ള പണം അനുവദിക്കല്‍ എന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

സംസ്ഥാന കടുത്ത സാമ്പത്തിക പ്രതിസന്ധിയും തുടരുന്നതിനിടെയാണ് ഇത്തരമൊരു തീരുമാനം. സാമ്പത്തിക പ്രസിസന്ധിയായതിനാല്‍ ട്രഷറിയില്‍ ചെക്കുകളും ബില്ലുകളും മാറുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് ഇപ്പോള്‍ രാജ്ഭവന് മുക്കാല്‍ കോടി രൂപ അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയിരിക്കുന്നത്. ഈ തുക ഉടന്‍ തന്നെ രാജ്ഭവന് ലഭ്യമാകും.കഴിഞ്ഞ സെപ്തംബറിലാണ് 75 ലക്ഷം രൂപ ആവശ്യപ്പെട്ട് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കാരിന് കത്ത് നല്‍കിയത്.

അധിക ഫണ്ട് എന്ന രീതിയിലാണ് തുക അനുവദിച്ചിരുന്നത്. ഇ ഓഫീസ് പരിഷ്‌കാരങ്ങള്‍ നിലവില്‍ വരുന്നതോടെ കടലാസ് രഹിത ഓഫിസായി രാജ്ഭവന്‍ മാറും.