കൊടകര കുഴല്‍പ്പണക്കേസ്; പുനരന്വേഷണത്തിന് ഡിജിപിയ്ക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

ഉപതിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ പുരോഗമിക്കുന്നതിനിടെ ഉയര്‍ന്നുവന്ന കൊടകര കുഴല്‍പ്പണക്കേസ് വീണ്ടും അന്വേഷിക്കാന്‍ ഡിജിപിയ്ക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി. ഇതുസംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബിജെപിയുടെ മുന്‍ ഓഫീസ് സെക്രട്ടറിയാണ് കേസ് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പുനരന്വേഷണത്തിന് ഉത്തരവിട്ടത്. അതേസമയം എകെജി സെന്റര്‍ കേന്ദ്രീകരിച്ചുണ്ടാക്കിയ തിരക്കഥയെന്നാണ് കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി നേതൃത്വത്തിന്റെ ആരോപണം.

2021 ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ ആയിരുന്നു സംഭവം നടന്നത്. 25 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കാറുടമ പരാതി നല്‍കിയത്. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ നഷ്ടപ്പെട്ടത് 3.5 കോടിയാണെന്ന് കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് കേസിലെ 23 പ്രതികള്‍ പിടിയിലായി. പ്രതികളെല്ലാം ജാമ്യത്തിലിറങ്ങുകയും ചെയ്തു. സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകനെ ഉള്‍പ്പെടെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സംഭവത്തില്‍ പുറത്തുവന്നിരിക്കുന്ന വെളിപ്പെടുത്തല്‍ ബിജെപി സംസ്ഥാന നേതൃത്വത്തെ പ്രതിസന്ധിയിലാക്കും.