'ഗുരുവിനെ റാഞ്ചി തീവ്രവര്‍ഗീയ ഇരിപ്പിടത്തില്‍ ഉറപ്പിക്കാന്‍ ശ്രമം', മോദിയുടെ പ്രസംഗം ഗുരുനിന്ദയെന്ന് കോടിയേരി

പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീനാരായണ ഗുരുവില്‍ ഹിന്ദുത്വ അജന്‍ഡ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗുരുവിനെ റാഞ്ചി തീവ്രവര്‍ഗീയ ഇരിപ്പിടത്തില്‍ ഉറപ്പിക്കാനുള്ള ഹീനമായ വാചകമടിയാണ് പ്രധാനമന്ത്രി നടത്തിയത്. ‘മോദിയുടെ ഗുരുനിന്ദ’ എന്ന തലക്കെട്ടോടെ ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിച്ച ഗുരുദര്‍ശനവും കാഴ്ചപ്പാടും ഒരേസമയം കൗതുകകരവും അപകടകരവുമാണ്. ഗുരുവിന്റെ ദര്‍ശനത്തെയും നിലപാടുകളെയും തിരസ്‌കരിക്കാനും സംഘപരിവാറിന്റെ കാവിവര്‍ണ ആശയങ്ങള്‍ ഒളിച്ചുകടത്താനുമുള്ള അവസരമാക്കുന്നത് അനുചിതമാണെന്ന് കോടിയേരി ലേഖനത്തില്‍ വ്യക്തമാക്കി.

എല്ലാവരും സോദരത്വേന വാഴുന്ന ഒരു നാടിനുവേണ്ടിയാണ് ശ്രീനാരായണ ഗുരു ശബ്ദിച്ചത്. ഗുരുചിന്തയോട് തെല്ലെങ്കിലും കൂറുണ്ടെങ്കില്‍ മുസ്ലിംവേട്ട നടത്തുന്ന ബുള്‍ഡോസര്‍രാജിനെ തള്ളിപ്പറയുകയായിരുന്നു മോദി ചെയ്യേണ്ടിയിരുന്നത്. ഈ വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ ‘ബുള്‍ഡോസര്‍രാജ്’ അരങ്ങേറുകയാണ് ഇപ്പോള്‍. രാമന്റെയും ഹനുമാന്റെയും പേരിലെന്നപോലെ ശ്രീനാരായണ ഗുരുവിന്റെ പേരും ദുരുപയോഗിച്ച് മുസ്ലിംവിരുദ്ധ വര്‍ഗീയ ലഹളയ്ക്കാണോ മോദിയും കൂട്ടരും ലക്ഷ്യമിടുന്നതെന്ന് കോടിയേരി ചോദിച്ചു.

മോദി ഗുരുവില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഭാരതീയ സംസ്‌കാരവും മൂല്യവും ഹിന്ദുത്വ അജന്‍ഡയുടേതാണ്. ‘ഏകഭാരതം, ശ്രേഷ്ഠഭാരതം’ എന്നത് ഹിന്ദുത്വ രാഷ്ട്രമാക്കുന്നതിനുള്ള വാതിലാണ്.

അയോധ്യ, മുത്തലാഖ്, കശ്മീര്‍ വിഷയങ്ങള്‍ക്കുശേഷം ഇപ്പോള്‍ ഏകീകൃത സിവില്‍ കോഡില്‍ പിടിച്ചിരിക്കുകയായാണ്. പൊതുവ്യക്തിനിയമം ഉണ്ടാക്കുന്നതിന് ബന്ധപ്പെട്ട വിഭാഗങ്ങളുടെ അഭിപ്രായങ്ങളും താല്‍പ്പര്യങ്ങളുംകൂടി കണക്കിലെടുത്തേ നടപ്പാക്കാവൂ. എന്നാല്‍, ഒറ്റ ഭാഷ, ഒരേതരം വേഷം, ഭക്ഷണരീതി, വിവാഹരീതി, വിശ്വാസം, ആചാരം ഇതെല്ലാം നടപ്പാക്കാനാണ് സംഘപരിവാര്‍ നിലകൊള്ളുന്നത്. ഇത് ഫാസിസത്തിന്റെ കുഴല്‍വിളിയാണ്.

Read more

‘ബുള്‍ഡോസര്‍രാജ്’ നടപ്പാക്കുന്ന മോദിയും ‘ഒരു പീഡയെറുമ്പിനും വരുത്തരുതെന്ന’ അനുകമ്പയെ തന്റെ ദര്‍ശനമായി വിളംബരം ചെയ്ത ഗുരുവും രണ്ടു തട്ടിലാണ്. ‘കരുണാവാന്‍ നബി മുത്തുരത്ന’മെന്ന് നബിയെയും ‘പരമേശപവിത്രപുത്രന്‍’ എന്ന് ക്രിസ്തുവിനെയും വിശേഷിപ്പിച്ച ശ്രീനാരായണ ഗുരു എവിടെ, അന്യമതസ്ഥരുടെ ജീവനും ജീവനോപാധികളും ഇല്ലാതാക്കുന്ന, വിദ്വേഷഭരണം നയിക്കുന്ന മോദിയെവിടെ എന്ന് കോടിയേരി ലേഖനത്തില്‍ വിമര്‍ശിച്ചു.