കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്താൻ പ്രതി രഖിൽ ഉപയോഗിച്ചത് പഴയ തോക്ക്. നാടൻ തോക്കാണിത്. 7.62 എംഎം പിസ്റ്റളാണ്. ഏഴ് റൗണ്ട് വരെ നിറയൊഴിക്കാൻ കഴിയുന്ന തോക്കിൽ നിന്ന് മാനസയ്ക്ക് നേരെ രണ്ട് തവണയാണ് നിറയൊഴിച്ചത്. ചെവിക്ക് പിന്നിലായും നെഞ്ചിലുമാണ് മാനസയ്ക്ക് വെടിയേറ്റത്. രഖിൽ പിന്നാലെ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യുകയുമായിരുന്നു. രഖിലിന് എവിടെ നിന്നാണ് തോക്ക് കിട്ടിയതെന്നാണ് ഇപ്പോൾ പൊലീസ് അന്വേഷിക്കുന്നത്.
നിലവില്‍ രഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഇയാളുമായി ബന്ധപ്പെട്ടിരുന്ന സുഹൃത്തുക്കളുടെ മൊഴിയെടുക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ കോതമംഗലത്തുനിന്നുള്ള പോലീസ് സംഘം കണ്ണൂരിലെത്തിയിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെയോടെ ഇവര്‍ കണ്ണൂരിലെത്തിയെന്നാണ് പോലീസ് കേന്ദ്രങ്ങളില്‍നിന്നുള്ള വിവരം.
അടുത്തകാലത്ത് രഖിൽ നടത്തിയ അന്തർ സംസ്ഥാന യാത്രകൾ അടക്കം പരിശോധിക്കുന്നുണ്ട്. മൊബൈൽ ഫോൺ വിവരങ്ങളും പരിശോധിക്കും. കണ്ണൂരിൽ എത്തിയ അന്വേഷണ സംഘം രഖിലിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്‌ത് തുടങ്ങി.
കൊല്ലപ്പെടുന്നതിന് അടുത്ത ദിവസങ്ങളിൽ രഖിൽ നാല് തവണ മാനസയോട് സംസാരിച്ചുവെന്നാണ് രഖിലിന്‍റെ കമ്പനി പാട്ണറും അടുത്ത സുഹൃത്തുമായ ആദിത്യന്റെ പ്രതികരണം. മാനസ അവഗണിച്ചതോടെ രഖിലിന് പകയായി. രഖിലിന് കൗൺസിലിംഗ് നൽകണമെന്ന് കുടുംബത്തെ താൻ അറിയിച്ചിരുന്നുവെന്നും ആദിത്യൻ പറഞ്ഞു. പഠിച്ച സ്ഥലമായ ബംഗളൂരുവിൽ രഖിലിന് ബന്ധങ്ങളുണ്ട്. ഇന്‍റീരിയർ ഡിസൈനിംഗിനുള്ള സാധനങ്ങൾ വാങ്ങിക്കുന്നതും അവിടെ നിന്നാണ്. എന്നാല്‍, തോക്ക് എവിടെ നിന്നാണ് കിട്ടിയതെന്ന് തനിക്കറിയില്ലെന്നും ആദിത്യൻ പറഞ്ഞു.
Read more
ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. കോതമംഗലത്തെ ആശുപത്രിയിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുന്നത്. ഇതിനുശേഷം കളമശ്ശേരി മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തും.