തീവെപ്പ് കേസ്: ഷഹ്‌റൂഖ് സെയ്ഫി കുറ്റം സമ്മതിച്ചു

ട്രെയ്ന്‍ തീവെപ്പ് കേസിലെ പ്രതി ഷഹ്‌റൂഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള എഡിജിപി എം.ആര്‍ അജിത്കുമാര്‍. റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ ബാഗ് ഷഹ്‌റൂഖിന്റേതാണെന്ന് സ്ഥിരീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ വൈകിട്ട് ഷഹ്‌റൂഖ് സെയ്ഫിയെ 11 ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. തുടര്‍ന്ന് മാലൂര്‍കുന്നിലെ എആര്‍ ക്യാംപിലെത്തിച്ച് അജിത്കുമാറിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി.

എന്നാല്‍ ഇന്നലെ വൈകിട്ടും രാത്രിയും നടത്തിയ ചോദ്യം ചെയ്യലില്‍ കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. കൃത്യത്തിന് പിന്നില്‍ ആര്, ഗൂഢാലോചന ഉണ്ടോ എന്നതടക്കമുള്ള പ്രാഥമിക വിവരങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ ശേഖരിക്കുകയാണ് ലക്ഷ്യം.

ഇതിന്റെ ഭാഗമായുള്ള തെളിവെടുപ്പും വിവിധ ഇടങ്ങളില്‍ ആയി നടക്കും. ട്രെയ്‌നില്‍ തീയിട്ടതിന് പിന്നാലെ മൂന്നു പേര്‍ റെയില്‍വേ ട്രാക്കില്‍ വീണു മരിച്ചതില്‍ ഷഹ്‌റൂഖിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത പ്രതിയെ ഇന്നലെ വൈകിട്ട് നാലോടെയാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയത്. അതേസമയം, ഷഹ്‌റൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തുന്നതില്‍ തീരുമാനമായിട്ടില്ല.