റോബിന്‍ ബസിന്റെ മുന്‍പില്‍ കോയമ്പത്തൂര്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ലോ ഫ്‌ലോര്‍ എസി ബസിന് തീപിടിച്ചു; നാട്ടുകാര്‍ ഇടപെട്ടു; വന്‍ അപകടം ഒഴിവായി

പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന റോബിന്‍ ബസിന്റെ തലയ്ക്കല്‍ സര്‍വീസ് നടത്തിയിരുന്ന പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജന്റം ലോ ഫ്‌ലോര്‍ എസി ബസിന് തീപിടിച്ചു. ബസിന്റെ പുറകിലെ എന്‍ജിന് സമീപമാണ് തീ പടര്‍ന്നത്. തുടര്‍ന്ന് ബസ് ജീവനക്കാരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ തീയണയ്ക്കുകയായിരുന്നു.

ദേശീയപാതയിലെ ചിതലി അഞ്ചുമുറി ജംക്ഷനിലാണ് സംഭവം. പത്തനംതിട്ടയില്‍ നിന്നു കോയമ്പത്തൂരിലേക്കു പോകുകയായിരുന്ന ബസിന്റെ പിന്‍വശത്തു നിന്നാണു പുക ഉയര്‍ന്നത്.

തൊട്ടുപിന്നാലെ എന്‍ജിന്‍ ഓഫായി. ഇതോടെ യാത്രക്കാരെ പുറത്തിറക്കി. ഓടിയെത്തിയ നാട്ടുകാരുടെ സഹായത്തോടെ തീയണച്ചു. യാത്രക്കാരെ മറ്റൊരു കെഎസ്ആര്‍ടിസി ബസില്‍ കോയമ്പത്തൂരിലേക്കു കയറ്റിവിട്ടു. ആലത്തൂരില്‍ നിന്നു ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ബസ് പിന്നീടു പാലക്കാട് ഡിപ്പോയിലേക്കു മാറ്റിയിട്ടുണ്ട്.

Read more

ഏറെ വിവാദമായ റോബിന്‍ ബസ് സര്‍വീസിനു പകരമായി പുലര്‍ച്ചെ അഞ്ചിന് പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് കെഎസ്ആര്‍ടിസി ഓടിക്കുന്ന ബസിന് കാലപ്പഴക്കം ഉണ്ടെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. ബസിന്റെ ബ്രേക്ക് തകരാറിലായി സര്‍വീസ് ആരംഭിച്ച ശേഷം അഞ്ചില്‍ അധികം തവണ വഴിയില്‍ കിടന്നിട്ടുണ്ട്.