കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതി അപമാനിക്കപ്പെട്ട സംഭവം; കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കെഎസ്ആര്‍ടിസി ബസില്‍ യുവതി അപമാനിക്കപ്പെട്ട സംഭവത്തില്‍ കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. കോഴിക്കോട് ഡിപ്പോയിലെ കണ്ടക്ടര്‍ ജാഫറിനെതിരെയാണ് നടപടി. ജാഫറിന് വീഴ്ചയുണ്ടായെന്ന അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കണ്ടക്ടറുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു

തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രക്കിടെയാണ് സഹയാത്രികനില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടതായി ഫെയ്‌സ്ബുക്കിലൂടെയാണ് അധ്യാപിക പറഞ്ഞത്. തനിക്ക് നേരിട്ട മോശം അനുഭവത്തെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ കണ്ടക്ടറുടെ ഭാഗത്ത് നിന്ന് ഒരു ഇടപെടലും ഉണ്ടായില്ലെന്നും അവര്‍ പറഞ്ഞു.

തനിക്ക് നേരെ ഉണ്ടായ അതിക്രമത്തേക്കാള്‍ മുറിവേല്‍പ്പിച്ചത് കണ്ടക്ടറുടെ പെരുമാറ്റമാണെന്നും അധ്യാപിക പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മന്ത്രി അധ്യാപികയെ വിളിച്ച് സംസാരിച്ചിരുന്നു.

Read more

കണ്ടക്ടറുടെ പെരുമാറ്റം തന്നെ മാനസികമായി തളര്‍ത്തി. ഇനി ആര്‍ക്കും ഇത്തരത്തില്‍ അനുഭവം ഉണ്ടാവാന്‍ പാടില്ലെന്ന് അധ്യാപിക പറഞ്ഞു. കണ്ടക്ടര്‍ക്കെതിരെ സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കും. സുരക്ഷിതമാണ് എന്ന് കരുതിയാണ് കെഎസ്ആര്‍ടിസി യാത്ര ഇത്രയുംനാള്‍ തെരഞ്ഞെടുത്തത്. പന്ത്രണ്ട് കൊല്ലമായി ഒരു ഭയവും കൂടാതെ യാത്ര ചെയ്തിരുന്നതാണ്. ഇനി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കാര്യം ഓര്‍ക്കുമ്പോള്‍ പേടി തോന്നുന്നതായും അധ്യാപിക പറഞ്ഞു.