കെ.എസ്.ആര്‍.ടി,സിയുടെ ഹ്രസ്വദൂര സര്‍വീസുകളും ഏറ്റെടുക്കാന്‍ സ്വിഫ്റ്റ്

ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി രൂപം കൊണ്ട സ്വിഫ്റ്റ് കമ്പനി കെ.എസ്.ആര്‍.ടിസിയുടെ ഹ്രസ്വദൂര സര്‍വീസുകളും ഏറ്റെടുക്കാനൊരുങ്ങുന്നു. ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്താണ് ഈ പദ്ധതി നടപ്പിലാക്കുക. നഗരത്തില്‍ പുതിയതായി ആരംഭിച്ച സിറ്റി സര്‍ക്കുലര്‍ ഉടന്‍ സ്വിഫ്റ്റിന്റെ ഭാഗമായി മാറും .

കിഫ്ബി, പ്ലാന്‍ ഫണ്ട് എന്നിവ ഉപയോഗിച്ച് വാങ്ങുന്ന ബസുകള്‍ സ്വിഫ്റ്റിന്റെ ഭാഗമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 700 ബസുകള്‍ ഇത്തരത്തില്‍ വാങ്ങുന്ന ചര്‍ച്ചകള്‍ നടക്കുകയാണ്. തിരുവനന്തപുരത്തെ സിറ്റി സര്‍ക്കുലര്‍ ലാഭകരമാക്കാനായി 50 ഇലക്ട്രിക് ബസുകള്‍ വാങ്ങുന്നുണ്ട്. അഞ്ച് ഇലക്ട്രിക് ബസുകള്‍ ഇതിനോടകം തലസ്ഥാനത്തെത്തി കഴിഞ്ഞു.

ഈ ബസുകള്‍ സര്‍വീസിനായി നിയോഗിക്കുന്നതോടെ ഘട്ടം ഘട്ടമായി സിറ്റി സര്‍ക്കുലര്‍ സ്വിഫ്റ്റിന് കീഴിലാകും . തിരുവനന്തപുരത്തിന് പിന്നാലെ എറണാകുളത്തും കോഴിക്കോടും പദ്ധതി നടപ്പിലാക്കും. സ്വഫ്റ്റിനെതിരായിട്ടുള്ള മുഴുവന്‍ ഹരജികളും ഹൈക്കോടതി സിംഗിള്‍ ബഞ്ച് തള്ളിയതോടെ സര്‍ക്കാരും കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റും ആശ്വാസത്തിലാണ്.

അതേസമയം, സ്വിഫ്റ്റിനെതിരായിട്ടുള്ള ഹര്‍ജികള്‍ തള്ളിയതിനെതിരെ മേല്‍ക്കോടതിയെ സമീപിക്കാനാണ് കെ.എസ്.ആര്‍.ടിസിയിലെ പ്രതിപക്ഷ യൂണിയനുകളായ ടിഡിഎഫിന്റെയും ബിഎംഎസിന്റെയും തീരുമാനം.